'സമരത്തില്‍ അല്ല, രാഷ്ട്രീയ കാരണങ്ങള്‍ക്കായി ഞങ്ങളെ ഉപയോഗിക്കുകയാണ്'; കെജരിവാളിന്റെ ആരോപണങ്ങള്‍ തള്ളി ഐഎഎസ് അസോസിയേഷന്‍

രാഷ്ട്രീയ കാരണങ്ങള്‍ക്കായി തങ്ങളെ ഉപയോഗിക്കുകയാണെന്നാണ് അസോസിയേഷന്റെ വാദം. ഇത്തരത്തില്‍ ഇരകളായി മാറുന്നതില്‍ ഭയമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
'സമരത്തില്‍ അല്ല, രാഷ്ട്രീയ കാരണങ്ങള്‍ക്കായി ഞങ്ങളെ ഉപയോഗിക്കുകയാണ്'; കെജരിവാളിന്റെ ആരോപണങ്ങള്‍ തള്ളി ഐഎഎസ് അസോസിയേഷന്‍


ന്യൂഡല്‍ഹി;  ഡല്‍ഹിയിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണത്തിനെതിരെയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സമരം നടത്തുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ആരോപണം തെറ്റാണെന്നും തങ്ങള്‍ സമരത്തിലല്ലെന്നും വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഐഎഎസ് അസോസിയേഷന്‍. വാര്‍ത്താ സമ്മേളനത്തിലാണ് അസോസിയേഷന്‍ പ്രതിനിധികള്‍ കെജരിവാളിന്റെ ആരോപണങ്ങള്‍ തള്ളിയത്. 

'ഡല്‍ഹിയിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ സമരത്തിലാണെന്ന വിവരം പൂര്‍ണമായി തെറ്റും അടിസ്ഥാനരഹിതവുമാണ്. ഞങ്ങള്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഓരോ വകുപ്പും അവരവരുടേതായ ജോലികള്‍ ചെയ്യുന്നുണ്ട്. ചിലപ്പോഴൊക്കെ അവധി ദിവസങ്ങളിലും ഞങ്ങള്‍ ജോലി ചെയ്യാറുണ്ട്' ഐ എ എസ് അസോസിയേഷന്‍ പ്രതിനിധി മനീഷാ സക്‌സേന മാധ്യമങ്ങളോടു പറഞ്ഞു. രാഷ്ട്രീയ കാരണങ്ങള്‍ക്കായി തങ്ങളെ ഉപയോഗിക്കുകയാണെന്നാണ് അസോസിയേഷന്റെ വാദം. ഇത്തരത്തില്‍ ഇരകളായി മാറുന്നതില്‍ ഭയമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

രാഷ്ട്രീയകാരണങ്ങള്‍ക്കു വേണ്ടി തങ്ങളെ ഉപയോഗപ്പെടുത്തുകയാണെന്ന് ഐഎഎസ് അസോസിയേഷന്‍ അംഗം വര്‍ഷാ ജോഷി പറഞ്ഞു. രാഷ്ട്രീയത്തിനായി തങ്ങളെ ഉപയോഗിക്കരുതെന്നും ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരുടെ ഫോണ്‍ കോളുകള്‍ എടുക്കാറില്ലെന്ന ആരോപണവും അവര്‍ തള്ളി. അധികാരസ്ഥാനത്തുള്ള എല്ലാവരുടേയും ഫോണ്‍കോളുകള്‍ എടുക്കാറുണ്ടെന്നും അവര്‍ വ്യക്തമാക്കി. കെജരിവാളിന്റെ സമരം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com