ഹിന്ദിയോ സംസ്‌കൃതമോ അറിയില്ലെങ്കില്‍ ടീച്ചറാവേണ്ടെന്ന് സിബിഎസ്ഇ
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th June 2018 04:24 PM |
Last Updated: 18th June 2018 04:24 PM | A+A A- |

ന്യൂഡല്‍ഹി: ദേശീയ അധ്യാപക പരീക്ഷയില്‍ നിന്ന് തമിഴും മലയാളവും ഉള്‍പ്പെടെ 17 പ്രാദേശിക ഭാഷകളെ ഒഴിവാക്കി സിബിഎസ്ഇയുടെ പരിഷ്‌കാരം. കേന്ദ്രീയ വിദ്യാലയങ്ങളിലേക്കും സിബിഎസ്ഇ അംഗീകൃത സ്‌കൂളുകളിലേക്കുമുള്ള അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനാണ് ഈ പരീക്ഷ നടത്തുന്നത്. ഓപ്ണല്‍ പേപ്പറിനായുള്ള ഭാഷകളുടെ എണ്ണം മൂന്നായി വെട്ടിച്ചുരുക്കി.ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം എന്നിവയാണ് നിലവിലുള്ള മൂന്ന് ഓപ്ഷനുകള്‍. ഇതില്‍ നിന്നും രണ്ട് ഭാഷകള്‍ നിര്‍ബന്ധമായും തിരഞ്ഞെടുക്കേണ്ടതുണ്ട്. പ്രാദേശിക ഭാഷകളടക്കം 20 ഭാഷകളാണ് മുന്‍പ് ഓപ്ഷനില്‍ ഉള്‍പ്പെടുത്തിയിരുന്നുത്.
ഭാഷാപ്രാവീണ്യം അളക്കുന്നതിനായുള്ള രണ്ട് പരീക്ഷകളാണ് യോഗ്യതാഘട്ടത്തില്‍ ഉള്ളത്. തിരഞ്ഞെടുത്ത ഭാഷകളിലെ പ്രാവീണ്യം, ആശയവിനിമയത്തിനും സംഗ്രഹത്തിനുമുള്ള കഴിവും പരീക്ഷയിലൂടെ അളക്കുന്നതിനാണിത്. തെക്കേയിന്ത്യയില്‍ നിന്നുള്ളവരെ സാരമായി ബാധിക്കുന്ന തീരുമാനമാണിതെന്ന് ഇതിനകം വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 2016 ല്‍ പരീക്ഷയ്ക്ക് അപേക്ഷിച്ച 7.06 ലക്ഷം ഉദ്യോഗാര്‍ത്ഥികളില്‍ 12,700 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരായിരുന്നു. ഇംഗ്ലീഷ് ഒന്നാം ഭാഷയും തമിഴ് രണ്ടാം ഭാഷയുമായാണ് ഇവര്‍ സ്വീകരിച്ചിരുന്നത്.
ഭരണഘടനാ ലംഘനം നടത്താനുള്ള സിബിഎസ്ഇ നീക്കത്തിനെതിരെ പ്രതിഷേധം ആരംഭിക്കുമെന്ന് അധ്യാപക സംഘടനകള്‍ വ്യക്തമാക്കി. ഭരണഘടനയിലെ 14,15,16,21 വകുപ്പുകളുടെ ലംഘനമാണ് സിബിഐയുടെ പരിഷ്‌കാരമെന്നും ഭാഷാന്യൂനപക്ഷ ഉദ്യോഗാര്‍ത്ഥികളുടെ അവകാശങ്ങളെ ഹനിക്കുന്നുവെന്നും വിദ്യാഭ്യാസ വിദഗ്ധരും അഭിപ്രായപ്പെടുന്നു.തെക്കേയിന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ, ഗുജറാത്തി, ബംഗാളി ഭാഷകളും ഒഴിവാക്കിയ പട്ടികയില്‍ ഉണ്ട്.