ആരാണ് ഈ രാജ്യത്തെ ധനമന്ത്രി ?; ചോദ്യം ഉന്നയിച്ച് പ്രതിപക്ഷം 

സാമ്പത്തിക പരിഷ്‌ക്കരണ നടപടികളെ വിമര്‍ശിക്കുന്നവര്‍ക്ക് കണക്കുകള്‍ നിരത്തി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റലി മറുപടി നല്‍കവേ, കേന്ദ്രധനമന്ത്രി ആരാണ് എന്ന ചോദ്യം ഉന്നയിച്ച്  മറുവാദവുമായി പ്രതിപക്ഷം 
ആരാണ് ഈ രാജ്യത്തെ ധനമന്ത്രി ?; ചോദ്യം ഉന്നയിച്ച് പ്രതിപക്ഷം 

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌ക്കരണ നടപടികളെ വിമര്‍ശിക്കുന്നവര്‍ക്ക് കണക്കുകള്‍ നിരത്തി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റലി മറുപടി നല്‍കവേ, കേന്ദ്രധനമന്ത്രി ആരാണ് എന്ന ചോദ്യം ഉന്നയിച്ച്  മറുവാദവുമായി പ്രതിപക്ഷം രംഗത്ത്. ധനമന്ത്രി പദവി കൈകാര്യം ചെയ്യുന്ന വ്യക്തിയെ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക വെബ് സൈറ്റിലും ധനമന്ത്രാലയത്തിന്റെ വെബ് സൈറ്റിലും വ്യത്യസ്ത വിവരങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ചോദ്യം ചെയ്താണ് കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസ് വെബ് സൈറ്റില്‍ അരുണ്‍ ജെയ്റ്റലിയെ വകുപ്പില്ലാത്ത മന്ത്രി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റെയില്‍വേ,കല്‍ക്കരി എന്നി വകുപ്പുകള്‍ക്ക് പുറമേ ധനമന്ത്രാലയത്തിന്റെ ചുമതലയും പീയുഷ് ഗോയല്‍ വഹിക്കുന്നതായി വെബ് സൈറ്റില്‍ കാണാം.മെയ് 14നാണ് വെബ് സൈറ്റ് അവസാനമായി അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്.  

എന്നാല്‍ ധനമന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ കാര്യങ്ങള്‍ മറിച്ചാണ്. അരുണ്‍ ജെയ്റ്റലി ധനമന്ത്രി സ്ഥാനം കൈകാര്യം ചെയ്യുന്നതായാണ് ഈ വെബ് സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആശയക്കുഴപ്പം നിലനില്‍ക്കുന്ന പശ്ചത്തലത്തില്‍ ആരാണ് രാജ്യത്തിന്റെ ധനമന്ത്രി എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തീവാരി ആവശ്യപ്പെട്ടു.

അരുണ്‍ ജെയ്റ്റലിയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മെയില്‍ ധനമന്ത്രാലയത്തിന്റെ അധിക ചുമതല പീയുഷ് ഗോയലിന് നല്‍കിയിരുന്നു.

വീഡിയോ കോണ്‍ഫറന്‍സിലുടെയാണ് അരുണ്‍ ജെയ്റ്റലി രാജ്യത്തിന്റെ സാമ്പത്തിക നിലയെ സംബന്ധിച്ചുളള പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം  ഈ മാസത്തിന്റെ തുടക്കം മുതല്‍ അരുണ്‍ ജെയ്റ്റ്‌ലി സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതൊടൊപ്പം ധനമന്ത്രാലയ ഉദ്യോഗസ്ഥരുമായി അരുണ്‍ ജെയ്റ്റലി വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയവിനിമയവും നടത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com