പാസ്‌പോര്‍ട്ട് ഓഫീസില്‍ 'ഘര്‍ വാപസി' ക്ലാസ്, സുഷമാ സ്വരാജിന് മിശ്രവിവാഹിതയുടെ ട്വീറ്റ്; ഉദ്യോഗസ്ഥന്റെ കസേര തെറിച്ചു

പാസ്‌പോര്‍ട്ട് പുതുക്കാനെത്തിയ തന്നെ മിശ്രവിവാഹിതയായതിന്റെ പേരില്‍ അപമാനിച്ചുവെന്ന് യുവതിയുടെ പരാതി. നോയിഡ സ്വദേശിയായ തന്‍വി സേഥും ഭര്‍ത്താവ് അനസ് സിദ്ദ്വിഖിയുമാണ്
പാസ്‌പോര്‍ട്ട് ഓഫീസില്‍ 'ഘര്‍ വാപസി' ക്ലാസ്, സുഷമാ സ്വരാജിന് മിശ്രവിവാഹിതയുടെ ട്വീറ്റ്; ഉദ്യോഗസ്ഥന്റെ കസേര തെറിച്ചു

ലക്‌നൗ: പാസ്‌പോര്‍ട്ട് പുതുക്കാനെത്തിയ തന്നെ മിശ്രവിവാഹിതയായതിന്റെ പേരില്‍ അപമാനിച്ചുവെന്ന് യുവതിയുടെ പരാതി. നോയിഡ സ്വദേശിയായ തന്‍വി സേഥും ഭര്‍ത്താവ് അനസ് സിദ്ദ്വിഖിയുമാണ് പാസ്‌പോര്‍ട്ട് ഓഫീസറായ വികാസ് മിശ്രയുടെ 'ഖര്‍വാപസി' ക്ലാസ് കേള്‍ക്കേണ്ടി വന്നത്. അനസ് സിദ്ദ്വിഖിയോട് പേരും മതവും മാറാന്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടുവെന്നും ആളുകള്‍ക്കിടയില്‍ വച്ച് പരിഹസിച്ചുവെന്നും തന്‍വി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് ട്വീറ്റ് ചെയ്തു. മുസ്ലീമിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ കേട്ട പരിഹാസത്തില്‍ താന്‍ കരഞ്ഞുപോയെന്നും കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടയില്‍ ഇത് ആദ്യ സംഭവമാണെന്നും അവര്‍ പറഞ്ഞു. 

പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാതെ ഉദ്യോഗസ്ഥന്‍ തടഞ്ഞുവച്ചുവെന്നും ഇവര്‍ പറയുന്നു. വിവാഹം പോലെ തികച്ചും സ്വകാര്യമായ കാര്യങ്ങളില്‍ ഇടപെട്ട് സദാചാരപ്പൊലീസ് കളിക്കുന്നതാണോ പാസ്‌പോര്‍ട്ട് ഓഫീസര്‍മാരുടെ ജോലിയെന്നും നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. 2007ലാണ് തന്‍വി അനസ് സിദ്ദ്വിഖിയെ വിവാഹം കഴിച്ചത്.

അതേസമയം യുവതിയുടെ ട്വീറ്റിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം നേരിട്ട് ഇടപെട്ട് ഒരു മണിക്കൂറിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയതായും ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതായും നോയിഡ പാസ്‌പോര്‍ട്ട് ഓഫീസ് അറിയിച്ചു. പാസ്‌പോര്‍ട്ട് ഇവര്‍ക്ക് തിരുത്തി നല്‍കിയതായി മന്ത്രാലയം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com