കുടിവെള്ളം  നല്‍കാതെ എയര്‍ ഏഷ്യ; വിമാനം വൈകിയത് നാലരമണിക്കൂര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st June 2018 10:29 AM  |  

Last Updated: 21st June 2018 10:29 AM  |   A+A-   |  

കൊല്‍ക്കത്ത: കുടിവെള്ളം പോലും നല്‍കാതെ എയര്‍ഏഷ്യ  ജീവനക്കാര്‍ ദ്രോഹിച്ചുവെന്ന് യാത്രക്കാര്‍. കൊല്‍ക്കൊത്തയില്‍ നിന്നും ബാഗ്‌ഡോഗ്രയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഐ 5583 വിമാനമാണ് നാലര മണിക്കൂര്‍ വൈകിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കൊല്‍ക്കത്ത എക്‌സിക്യുട്ടീവ് ഡയറക്ടറായ ദിപാങ്കര്‍ റായാണ് പരാതിയുമായി രംഗത്തെത്തിയത്. ഇന്ത്യയില്‍ വ്യോമയാന വകുപ്പ് പ്രവര്‍ത്തിക്കുന്നത് ഇത്രമോശം സ്ഥിതിയിലാണെന്നും എയര്‍ ഏഷ്യയില്‍ യാത്ര ചെയ്യാതിരിക്കൂവെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ അദ്ദേഹം ആവശ്യപ്പെട്ടു. 


'വിമാനം ആദ്യം അരമണിക്കൂര്‍ വൈകി. ബോര്‍ഡിംഗിന് ശേഷം വീണ്ടും ഒന്നരമണിക്കൂര്‍ വൈകിയതോടെ യാത്രക്കാരോട് വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ ക്യാപ്റ്റന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പുറത്ത് മഴ ശക്തമായിരുന്നതിനാല്‍ പുറത്തിറങ്ങാന്‍ യാത്രക്കാര്‍ ആരും തയ്യാറായില്ല'. യാത്രക്കാരെ പുറത്തിറക്കാനായി എസിയുടെ ബ്ലോവര്‍ ക്യാപ്റ്റന്‍ തുറന്നിട്ടുവെന്നും ഇതോടെ യാത്രക്കാര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായെന്നും പരാതിയില്‍ പറയുന്നു. 

അതേസമയം സാങ്കേതിക തകരാറുകാരണമാണ് വിമാനം നാലര മണിക്കൂര്‍ വൈകിയതെന്നാണ് എയര്‍ഏഷ്യയുടെ വിശദീകരണം. യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടായതില്‍ ഖേദമുണ്ടെന്നും എന്നാല്‍ സുരക്ഷയ്ക്കാണ്  പ്രാധാന്യം നല്‍കുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ എയര്‍ഏഷ്യ വ്യക്തമാക്കി.യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കിയില്ലെന്ന ആരോപണം എയര്‍ ഏഷ്യ നിഷേധിച്ചു.   വിമാനത്തില്‍ നിന്നും തിരിച്ചിറക്കിയ ശേഷം എയര്‍പോര്‍ട്ടിനുള്ളിലെ ഭക്ഷണശാലയില്‍ നിന്നും സ്വന്തം പണം മുടക്കിയാണ് ഭക്ഷണം കഴിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു. പിന്നെയും മണിക്കൂറുകള്‍ കഴിഞ്ഞാണ് ചെറിയ കുപ്പി വെള്ളവും ഒരു സാന്‍ഡ്വിച്ചും നല്‍കിയതെന്നും മര്യാദയില്ലാത്ത പെരുമാറ്റമാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും റായ് പറഞ്ഞു.