പക്കോട വിറ്റ് ജീവിക്കാനുള്ള മോദി ആഹ്വാനം ഇവിടൊരാളെ പണക്കാരനാക്കി, അതും കോണ്‍ഗ്രസുകാരനെ

ഹിന്ദി സാഹിത്യത്തില്‍ ബിരുദാനന്ദര ബിരുദം ഉണ്ടെങ്കിലും ജോലിയില്ലാതെ വീട്ടില്‍ വെറുതെ ഇരിക്കുമ്പോഴായിരുന്നു ടിവിയില്‍ പ്രധാനമന്ത്രിയുടെ പക്കോട പ്രസംഗം കേള്‍ക്കുന്നത്
പക്കോട വിറ്റ് ജീവിക്കാനുള്ള മോദി ആഹ്വാനം ഇവിടൊരാളെ പണക്കാരനാക്കി, അതും കോണ്‍ഗ്രസുകാരനെ

വഡോദര: ജോലിയില്ലാത്തവര്‍ പക്കോട വിറ്റു ജീവിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിലെ വാക്കുകള്‍ വിവാദമായത് അടുത്തിടെയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളും രാജ്യത്തെ യുവാക്കളും പ്രധാനമന്ത്രിയുടെ പക്കോട പരാമര്‍ശത്തില്‍ പ്രതിഷേധവുമായെത്തി. എന്നാലിപ്പോള്‍ പ്രധാനമന്ത്രിയുടെ ഉപദേശം സ്വീകരിച്ച് ഒരാളിവിടെ പണക്കാരനായി മാറി കഴിഞ്ഞിട്ടുണ്ട്, അതും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍.

ഗുജറാത്തിലെ വഡോദരയില്‍ നിന്നാണ് മോദിയുടെ പക്കോട ഉപദേശം അക്ഷരംപ്രതി അനുസരിച്ച് നാരായണ്‍ഭായി രജ്പുത് എന്നയാള്‍ ഒരു കടയില്‍ നിന്നും 35 പക്കോട കടകളുടെ മുതലാളിയായി മാറിയത്. ഹിന്ദി സാഹിത്യത്തില്‍ ബിരുദാനന്ദര ബിരുദം ഉണ്ടെങ്കിലും ജോലിയില്ലാതെ വീട്ടില്‍ വെറുതെ ഇരിക്കുമ്പോഴായിരുന്നു ടിവിയില്‍ പ്രധാനമന്ത്രിയുടെ പക്കോട പ്രസംഗം കേള്‍ക്കുന്നത്. 

ജോലിയില്ലാത്തവര്‍ പക്കോട വിറ്റ് ജീവിക്കൂ എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേട്ടതോടെ നാരായണ്‍ഭായിയുടെ മനസില്‍ ആശയമുദിച്ചു. ദിവസേന പത്ത് കിലോ പക്കോട വില്‍ക്കുന്ന സ്റ്റാളായിരുന്നു ആദ്യം തുടങ്ങിയത്. 100 ഗ്രാം പക്കോടയ്ക്ക് പത്ത് രൂപ. സംഗതി ഹിറ്റായതോടെ ഇപ്പോള്‍ 35 കേന്ദ്രങ്ങളില്‍ നിന്നായി 600 കിലോ പക്കോടയാണ് ഇദ്ദേഹം വില്‍ക്കുന്നത്. 

പ്രധാനമന്ത്രിയുടെ വാക്കുകളാണ് ജീവിതം മാറ്റിമറിച്ചത് എങ്കിലും കോണ്‍ഗ്രസിനോട് തന്നെയായിരിക്കും തന്റെ അനുഭാവമെന്ന് വ്യക്തമാക്കുകയുമാണ് നാരായണ്‍ഭായി. മോദി ബിജെപിക്കാരനല്ല, താനും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടുന്ന ജനങ്ങളുടെ പ്രധാനമന്ത്രിയാണെന്നും, അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും നാരായണ്‍ഭായി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com