വിവാഹവീട്ടിലെത്തിയ ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു: മൃതദേഹം വികൃതമാക്കി ഉപേക്ഷിച്ചു

വിവാഹവീട്ടില്‍ നിന്നാണ് കുട്ടിയെ ഐസ്‌ക്രീം വാങ്ങി തരാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി കൂട്ടിക്കൊണ്ടു പോയത്. 
വിവാഹവീട്ടിലെത്തിയ ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു: മൃതദേഹം വികൃതമാക്കി ഉപേക്ഷിച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ആറു വയസുകാരിയായ പെണ്‍കുട്ടിയെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. ഗ്വാളിയോര്‍ നഗരത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. പെണ്‍കുട്ടിയുടെ മുഖം തിരിച്ചറിയാത്ത വിധം വികൃതമാക്കിയ നിലയിലായിരുന്നു. വിവാഹവീട്ടില്‍ നിന്നാണ് മൊറേന സ്വദേശിയായ കുട്ടിയെ ഐസ്‌ക്രീം വാങ്ങി തരാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി കൂട്ടിക്കൊണ്ടു പോയത്. 

ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വ്യാഴാഴ്ച്ച രാവിലെ തന്നെ വിവാഹ വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെയുളള കുന്നിന്‍ പ്രദേശത്ത് നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.  

കുട്ടിയുടെ രക്ഷിതാക്കള്‍ വിവാഹത്തിന്റെ തിരക്കിലായപ്പോള്‍ അക്രമി കുട്ടിയെ ഐസ്‌ക്രീം വാങ്ങിച്ച് തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. കല്ല് കൊണ്ട് ഇടിച്ചാണ് കുട്ടിയുടെ മുഖത്ത് പരുക്കേല്‍പ്പിച്ചിരിക്കുന്നതെന്നും പോസ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു. 

രാത്രി ഒരു മണിയോടെ കുട്ടിയേയും കൊണ്ട് അക്രമി നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ സമീപത്തെ കെട്ടിടത്തിലെ സിസിടിവിയില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാത്രി 2.30ഓടെ ഇയാള്‍ ഒറ്റയ്ക്ക് വിവാഹ വീട്ടിലേക്ക് തിരിച്ച് വരുന്നതും ദൃശ്യങ്ങളില്‍ കാണാം. കാറ്ററിംഗിന് എത്തിയ യുവാവാണ് ദൃശ്യങ്ങളിലെന്നാണ് പൊലീസ് നിഗമനം. പ്രതിയെ എത്രയും പെട്ടെന്ന് തിരിച്ചറിയുമെന്ന് ഗ്വാളിയോര്‍ എസ്പി നവനീത് ബാസിന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com