ജനജീവിതം ദുസ്സഹം; മോദി സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് സിപിഎം

മോദി സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തീരുമാനം.
ജനജീവിതം ദുസ്സഹം; മോദി സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് സിപിഎം


ന്യൂഡല്‍ഹി: കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തീരുമാനം.വന്‍കിട കോര്‍പറേറ്റുകള്‍ പൊതുജനങ്ങളുടെ പണം കൊള്ളയടിക്കുന്നതിനെതിരെയും രാജ്യത്ത് ദളിത് വിഭാഗങ്ങള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയും രാജ്യവ്യാപക പ്രതിഷേധത്തിന് കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തു. നാലുവര്‍ഷത്തെ മോദി ഭരണത്തില്‍ ജനജീവിതം ദുസ്സഹമായെന്നും വര്‍ഗീയ ധ്രുവീകരണം തീവ്രമായെന്നും ഞായറാഴ്ച ഡല്‍ഹിയില്‍ സമാപിച്ച മൂന്നുദിവസത്തെ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയോഗം വിലയിരുത്തി. 

ജനാധിപത്യ സ്ഥാപനങ്ങളെയും ഭരണഘടനയേയും ദുര്‍ബലപ്പെടുത്തി. ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിരന്തരം ഉയര്‍ത്തുകവഴി ഉപഭോക്താക്കള്‍ക്കുമേല്‍ വലിയ ബാധ്യത അടിച്ചേല്‍പ്പിക്കുകയും വിലക്കയറ്റത്തിന് വഴിയൊരുക്കുകയും ചെയ്തു.പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ എക്‌സൈസ് തീരുവയില്‍ ഒമ്പതു തവണയാണ് മോദി സര്‍ക്കാര്‍ വര്‍ധന വരുത്തിയത്. കറന്‍സി പിന്‍വലിക്കലും ജിഎസ്ടിയും മൂലം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെട്ടു. 

കാര്‍ഷിക പ്രതിസന്ധി തുടരുന്നു.കര്‍ഷക ആത്മഹത്യകളില്‍ ഒരു കുറവുമില്ല.കര്‍ഷകരും കര്‍ഷക സംഘടനകളും നടത്തിയ ഉജ്വല പ്രക്ഷോഭങ്ങളെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ പല വാഗ്ദാനങ്ങളും നല്‍കിയെങ്കിലും ഒന്നും നിറവേറ്റപ്പെട്ടില്ല. കര്‍ഷക സംഘടനകളടക്കം വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. വിദ്വേഷ സംഘര്‍ഷങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചു. പ്രത്യേകിച്ച് ബിജെപി ഭരണ സംസ്ഥാനങ്ങളില്‍. പശുസംരക്ഷണത്തിന്റെയും സദാചാര പൊലീസിന്റെയുമൊക്കെ പേരില്‍ സ്വകാര്യ സേനകള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പുറമെ ആള്‍ക്കൂട്ടഹത്യകളും കൂട്ടബലാല്‍സംഗങ്ങളും കുട്ടികളെ കൊലപ്പെടുത്തുന്നതും വര്‍ധിച്ചു. ജാര്‍ഖണ്ഡില്‍ അഞ്ച് സ്ത്രീകള്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായതാണ് ഒടുവിലെ സംഭവം. 

കേസെടുക്കാനോ കുറ്റക്കാരെ ശിക്ഷിക്കാനോ സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സ്വകാര്യ സേനകളെ അംഗീകരിക്കുന്നതിന് തുല്യമാണ് സര്‍ക്കാര്‍ നടപടി. ക്രമസമാധാനം പൂര്‍ണമായും തകരുകയാണ്. ഈ വിഷയങ്ങളിലെല്ലാം  ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും തയാറാകണമെന്ന് കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

കോര്‍പറേറ്റുകള്‍ പൊതുപണം തട്ടിയെടുക്കുന്നു. മോദി സര്‍ക്കാരിന്റെ ആദ്യമൂന്നുവര്‍ഷ കാലയളവില്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് കോര്‍പറേറ്റുകള്‍ നല്‍കാനുള്ള കിട്ടാക്കടത്തില്‍ 2.5 ലക്ഷം കോടി സര്‍ക്കാര്‍ എഴുതിത്തള്ളി. 1.45 ലക്ഷം കോടി രൂപ കൂടി ഈവര്‍ഷം എഴുതിത്തള്ളിയിട്ടുണ്ട്. രാജ്യത്തെ 1.6 ലക്ഷത്തോളം വരുന്ന വിവിധ ബാങ്ക് ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനുള്ള സംവിധാനം തങ്ങള്‍ക്കില്ലെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍  പറയുന്നത്. ബാങ്കിങ് സംവിധാനത്തെ നിയന്ത്രിക്കുന്നതും രാജ്യത്തെ നാണ്യനയത്തിന് രൂപംനല്‍കുന്നതും ആര്‍ബിഐയാണ്. തങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാനാകുംവിധം ആര്‍ബിഐയെ ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. പണം കൊള്ളയടിക്കുന്നവര്‍ രാജ്യംവിട്ട് പോവുന്നു. കേന്ദ്രസര്‍ക്കാര്‍ ഇതെല്ലാം കൈയുംകെട്ടി നോക്കിനില്‍ക്കുന്നുവെന്നും കേന്ദ്ര കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com