പ്രളയത്തില്‍ കുടുങ്ങിയവര്‍ക്ക് ലിഫ്റ്റ് നല്‍കിയത് കുറ്റം ; മുംബൈയില്‍ മലയാളിക്ക് പിഴശിക്ഷ

പ്രളയത്തില്‍ കുടുങ്ങിപ്പോയ മൂന്നുപേര്‍ക്ക് ലിഫ്റ്റ് നല്‍കിയതിന് 2,000 രൂപയാണ് കോടതി പിഴ വിധിച്ചത്
പ്രളയത്തില്‍ കുടുങ്ങിയവര്‍ക്ക് ലിഫ്റ്റ് നല്‍കിയത് കുറ്റം ; മുംബൈയില്‍ മലയാളിക്ക് പിഴശിക്ഷ

മുംബൈ : സഹായിക്കാന്‍ കാണിച്ച സന്മനസ്സിന് പ്രതിഫലം ഇത്ര കടുത്തതായിരിക്കുമെന്ന് മുംബൈ മലയാളിയായ നിതിന്‍ നായര്‍ വിചാരിച്ചിരുന്നില്ല. പ്രളയത്തില്‍ കുടുങ്ങിപ്പോയ മൂന്നുപേര്‍ക്ക് ലിഫ്റ്റ് നല്‍കിയതിന് 2000 രൂപയാണ് കോടതി അദ്ദേഹത്തിന് പിഴ വിധിച്ചത്. നിതിന്‍ നായര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

ജൂണ്‍ 18നായിരുന്നു സംഭവം. ഒരു ധനകാര്യ സ്ഥാപനത്തില്‍ ഉദ്യോഗസ്ഥനായ നിതിന്‍ നായര്‍ ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് മുംബൈ എയ്‌റോളി സര്‍ക്കിളില്‍ പ്രളയത്തില്‍ കുടുങ്ങിയ മൂന്നുപേരെ കണ്ടത്. വാഹനങ്ങളിലെ തിരക്കിനെ തുടര്‍ന്ന് കയറാന്‍ പറ്റാതെ നില്‍ക്കുകയായിരുന്നു അവര്‍. സഹജീവി സ്‌നേഹം ഉണര്‍ന്ന നിതിന്‍ നായര്‍ വാഹനം നിര്‍ത്തി അവര്‍ക്ക് ലിഫ്റ്റ് നല്‍കി. 

ഇതിനിടെ സ്ഥലത്തെത്തിയ ട്രാഫിക് പൊലീസ് ഓഫീസര്‍ നിതിന്റെ പക്കല്‍ നിന്നും ലൈസന്‍സ് വാങ്ങുകയും, ഒരു റസീപ്റ്റ് നല്‍കുകയുമായിരുന്നു. എന്താണ് സംഭവമെന്നു ചോദിച്ചപ്പോള്‍ അപരിചിതരായവര്‍ക്ക് ലിഫ്റ്റ് നല്‍കിയത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു. 

പിറ്റേദിവസം ലൈസന്‍സ് വാങ്ങാന്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് 66/ 192 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും, കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും അറിയുന്നത്. കോടതി നവീന് 2000 രൂപ പിഴ വിധിച്ചു. കുറ്റം അംഗീകരിച്ച നിതിന്‍ അപേക്ഷിച്ചത് അനുസരിച്ച് പിഴ തുക 1,500 രൂപയായി ഇളവ് ചെയ്തു. തുടര്‍ന്ന് ഈ തുക അടച്ച് ലൈസന്‍സ് തിരികെ സ്വന്തമാക്കുകയായിരുന്നുവെന്ന് നിതിന്‍ നായര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിച്ചു. 

ഇത്തരം നിയമങ്ങളെ നിതിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം നിയമങ്ങളാണ് റോഡില്‍ ഒരാള്‍ മരിക്കാന്‍ കിടന്നാല്‍ പോലും സഹായിക്കാന്‍ തയ്യാറാകാത്തതിന് കാരണം. രാജ്യത്തെ മറ്റുള്ളവരെ സഹായിക്കേണ്ടെന്നാണോ നമ്മുടെ രാജ്യത്തെ നിയമങ്ങള്‍ ആവശ്യപ്പെടുന്നതെന്നും നിതിന്‍ നായര്‍ ചോദിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com