മതേതര നിലപാടെടുത്തു; സുഷമാ സ്വരാജിനെ ബീഗം സുഷമയാക്കി ഹിന്ദുത്വവാദികളുടെ സൈബര്‍ ആക്രമണം

മിശ്രവിവാഹിതരായ ദമ്പതികളോട് മതം മാറാന്‍ ആവശ്യപ്പെട്ട പാസ്‌പോര്‍ട്ട് ഓഫീസര്‍ക്കെതിരെ നടപടിയെടുത്ത വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ സാൂഹ്യമാധ്യമങ്ങളില്‍ അപമാനിച്ച് സംഘപരിവാര്‍ അണികള്‍
മതേതര നിലപാടെടുത്തു; സുഷമാ സ്വരാജിനെ ബീഗം സുഷമയാക്കി ഹിന്ദുത്വവാദികളുടെ സൈബര്‍ ആക്രമണം

ന്യൂഡല്‍ഹി: മിശ്രവിവാഹിതരായ ദമ്പതികളോട് മതം മാറാന്‍ ആവശ്യപ്പെട്ട പാസ്‌പോര്‍ട്ട് ഓഫീസര്‍ക്കെതിരെ നടപടിയെടുത്ത വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ സാൂഹ്യമാധ്യമങ്ങളില്‍ അപമാനിച്ച് സംഘപരിവാര്‍ അണികള്‍. സുഷമ സ്വരാജിനെ സുഷമ ബീഗം ആക്കിക്കൊണ്ടുള്ള സംഘപരിവാര്‍ അണികളുടെ ചില പോസ്റ്റുകള്‍ മന്ത്രി തന്നെ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 

മന്ത്രിയുടെ മതേതര നിലപാടാണ് തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണത്തിന് കാരണമായത്. ലഖ്‌നൗവിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെത്തിയ മുഹമ്മദ് അനസ് സിദ്ധിഖിക്കും ഭാര്യ തന്‍വി സേഥിനുമാണ് പാസ്‌പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥനില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. അനസിനോടു ഹിന്ദുമതം സ്വീകരിക്കാന്‍ വികാസ് മിശ്ര എന്ന ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുകയായിരുന്നു. മാത്രമല്ല തന്‍വിയോട് രേഖകളിലെ പേരുമാറ്റണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടുവെന്നും ഇവര്‍ ആരോപിക്കുന്നു. തുടര്‍ന്ന് ഇവര്‍ വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ട്വീറ്റ് ചെയ്തു. ഇതോടെയാണ് ഇയാള്‍ക്കെതിരായ നടപടി എന്ന നിലയില്‍ വികാസ് മിശ്രയെ സ്ഥലം മാറ്റിക്കൊണ്ട് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലുണ്ടായത്. പിറ്റെദിവസം തന്നെ ദമ്പതികള്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കുകയും ചെയ്തു.

മന്ത്രിയുടെ ഈ നടപടി ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തീവ്രഹിന്ദുത്വ വാദികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇവര്‍ക്കെതിരെ അതിശക്തമായ പ്രചാരണമാണ് നടത്തുന്നത്. ഏതാനും ദിവസങ്ങളായി വിദേശത്തായിരുന്നെന്നും തന്റെ അസാന്നിധ്യത്തില്‍ ഇവിടെ സംഭവിച്ച കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും സുഷമാ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു. തിരിച്ചുവന്നപ്പോള്‍ ചിലര്‍ തന്നെ ബഹുമാനിച്ചിരിക്കുകയാണെന്നു പറഞ്ഞുകൊണ്ടാണ് അവര്‍ ആ ട്വീറ്റുകള്‍ പങ്കുവെച്ചിരിക്കുന്നത്. മന്ത്രി പങ്കുവെച്ചതിനെക്കാള്‍ കൂടുതല്‍ ട്വീറ്റുകള്‍ മതേതര നിലപാടിനെ ചോദ്യം ചെയ്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

ഇസ്‌ലാം അനുകൂല നിലപാടാണ് മന്ത്രി സ്വീകരിക്കുന്നതെന്നും വികാസ് മിശ്രയ്ക്ക് എതിരെയുള്ള നടപടി പക്ഷപാതപരമാണെന്നും ഇവര്‍ ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com