'മേജറിന്റെ ഭാര്യയ്ക്ക് തന്നെയായിരുന്നു ഇഷ്ടം, ഒഴിവാക്കാനാണ് കൊലനടത്തിയത്': പ്രതിയുടെ മൊഴി പുറത്ത്

ശനിയാഴ്ചയാണ് വണ്ടി കയറിഇറങ്ങിയ നിലയില്‍ ഷൈലജയുടെ മൃതദേഹം കണ്ടെത്തിയത്
'മേജറിന്റെ ഭാര്യയ്ക്ക് തന്നെയായിരുന്നു ഇഷ്ടം, ഒഴിവാക്കാനാണ് കൊലനടത്തിയത്': പ്രതിയുടെ മൊഴി പുറത്ത്

ന്യൂഡല്‍ഹി; മേജറുടെ ഭാര്യയ്ക്ക് തന്നോടായിരുന്നു സ്‌നേഹമെന്നും അവരെ ഒഴിവാക്കാനാണ് കൊല നടത്തിയതെന്നും പിടിയിലായ പ്രതി മേജര്‍ നിഖില്‍ റായ് ഹന്ദ പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ ദിവസമാണ് വെസ്റ്റ് ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറില്‍ അമിത്തിന്റെ ഭാര്യ ഷൈലജയെ കൊലചെയ്ത് റോഡില്‍ തള്ളിയ കേസില്‍ നിഖില്‍ അറസ്റ്റിലായത്. 

എന്നാല്‍ താനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ഷൈലജ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ്ചയാണ് വണ്ടി കയറിഇറങ്ങിയ നിലയില്‍ ഷൈലജയുടെ മൃതദേഹം കണ്ടെത്തിയത്. അന്നു രാവിലെ എട്ടിന് നിഖിലും ഷൈലജയും ഫോണില്‍ സംസാരിച്ചിരുന്നു. ആര്‍മി ബേസ് ഹോസ്പിറ്റലില്‍ വച്ചു കാണാമെന്ന് ഉറപ്പിക്കുകയും ചെയ്തു.

ഫിസിയോതെറപ്പിക്കെന്ന പേരില്‍ ഷൈലജ പതിനൊന്നരയോടെ അമിതിന്റെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തി.ഡ്രൈവര്‍ തിരികെ പോകുകയും ചെയ്തു. ആശുപത്രിയില്‍ നിഖിലിന്റെ ഒന്നര വയസ്സുകാരനായ മകനെയും പ്രവേശിപ്പിച്ചിരുന്നു. നിഖിലിന്റെ കാറില്‍ ഇരുവരും ഡല്‍ഹി കന്റോണ്‍മെന്റിലേക്കാണു പോയത്.

യാത്രയ്ക്കിടെ കാറിനുള്ളില്‍ ഇരുവരും വാക്കേറ്റത്തിലേര്‍പ്പെടുകയും കരുതി വച്ചിരുന്ന കത്തിയെടുത്തു നിഖില്‍ ഷൈലജയുടെ കഴുത്തു മുറിക്കുകയുമായിരുന്നു. വാഹനത്തിനു പുറത്തു രക്തമൊലിപ്പിച്ചിറങ്ങിയ ഷൈലജ റോഡിലൂടെ നടക്കുന്നതിനിടെ കാറു കൊണ്ട് ഇടിച്ചു വീഴ്ത്തി. ദേഹത്തു കാര്‍ കയറ്റിയിറക്കുകയും ചെയ്തു. എന്നാല്‍ ഷൈലജയെ പ്രതി തെറ്റിദ്ധരിച്ചതാകാമെന്നാണ് ഷൈലജയുടെ സഹോദരന്‍ പറയുന്നത്. ഷൈലജ എല്ലാവരോടും സൗഹാര്‍ദപരമായിട്ടാണ് അവര്‍ പെരുമാറിയിരുന്നതെന്ന് സഹോദരന്‍ പറയുന്നു. 

ഭര്‍ത്താവ് അമിത്ത് ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കുന്നതിന് മുന്‍പു തന്നെ റോഡില്‍ മൃതദേഹം കണ്ടെത്തിയിരുന്നു. നഗരത്തില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളുടെ സഹായത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഷൈലജ നിഖിലിന്റെ കാറില്‍ യാത്ര ചെയ്തതിനുള്ള തെളിവുകള്‍ ലഭിച്ചത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ്. തുടര്‍ന്ന് നിഖിലിന്റെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്ന് സ്ഥാപിക്കാനുള്ള ശക്തമായ തെളിവുകള്‍ ലഭിച്ചു. ജനുവരി മുതല്‍ ഇതുവരെ മൂവായിരത്തിലേറെ തവണ അമിത്തും ഷൈലജയും ഫോണില്‍ സംസാരിച്ചിരുന്നു. കൊലപാതകം നടക്കുന്ന സമയം ഇയാള്‍ ബ്രാര്‍ സ്‌ക്വയറിലുണ്ടായിരുന്നതായും വ്യക്തമായി. അതോടെയാണ് അറസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com