രാജസ്ഥാനില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടു

രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തില്‍ ബിജെപിയെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു
രാജസ്ഥാനില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടു

ജയ്പുര്‍: രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തില്‍ ബിജെപിയെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യയുടെ മുഖ്യ വിമര്‍ശകനായി അറിയപ്പെടുന്ന വിമത നേതാവ് ഘന്‍ശ്യാം തിവാരി ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്ക് രാജിക്കത്ത് അയച്ചു.

ഡിസംബറില്‍ തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ ഘന്‍ശ്യാം തിവാരിയുടെ രാജി ബിജെപിക്ക് വന്‍ തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുജറാത്തില്‍ നിലവില്‍ ഭരണവിരുദ്ധ വികാരം ശക്തമാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപി കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഈ പശ്ചാത്തലത്തില്‍ മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിടുന്നത് ബിജെപിയെ പ്രതിരോധത്തിലാക്കും.

അടുത്തകാലത്തായി മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യയുടെ കടുത്ത വിമര്‍ശകനായിട്ടാണ് ഘന്‍ശ്യാം തിവാരി അറിയപ്പെടുന്നത്. വസുന്ധരരാജ സിന്ധ്യയുടെ നേതൃത്വത്തില്‍ ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് പ്രതിപക്ഷ ഉപനേതാവ്, ബിജെപി മന്ത്രി എന്നി സ്ഥാനങ്ങള്‍ വഹിച്ചിരുന്ന തിവാരി മുന്നറിയിപ്പ് നല്‍കിയിരുന്നു. 

വസുന്ധരരാജ സിന്ധ്യ ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്ന് നിരന്തരം കുറ്റപ്പെടുത്തിയ തിവാരി വിവിധ സ്ഥാനമാനങ്ങള്‍ പുറത്തുളളവര്‍ക്ക് നല്‍കി പാര്‍ട്ടിയെ കബളിപ്പിച്ചതായും ആരോപിച്ചിരുന്നു. ഇത് പാര്‍ട്ടിയില്‍ നിന്നും പ്രവര്‍ത്തകര്‍ വിട്ടുപോകാന്‍ ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വസുന്ധരരാജ സിന്ധ്യയ്‌ക്കെതിര പോര്‍മുഖം തുറന്നപ്പോഴും മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ തിവാരിയെ നിലനിര്‍ത്തി വരുകയായിരുന്നു പാര്‍ട്ടി. അഞ്ചുവര്‍ഷം എംഎല്‍എയായിരുന്ന തിവാരി കഴിഞ്ഞ തവണ മികച്ച മാര്‍ജിനിലാണ് വിജയിച്ചത്. ഏറ്റവുമധികം ഭൂരിപക്ഷം നേടി വിജയിച്ചബിജെപി എംഎല്‍എയും തിവാരി ആയിരുന്നു. വസുന്ധരരാജ സിന്ധ്യയെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷ വോട്ടുകള്‍ നേടിയാണ് അദ്ദേഹം വിജയിച്ചതെന്നതാണ് മറ്റൊരു പ്രത്യേകത. നിലവില്‍ സാംഗനീര്‍ മണ്ഡലത്തിലെ എംഎല്‍എയാണ് തിവാരി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com