'138 ലേക്ക് വിളിക്കൂ' ; ട്രെയിൻ വൈകുന്നതിന് കാരണമറിയാം

സുരക്ഷാസംബന്ധമായ പരാതികൾ പറയാൻ  നമ്പർ 182 ലേക്കാണ് വിളിക്കേണ്ടത്
'138 ലേക്ക് വിളിക്കൂ' ; ട്രെയിൻ വൈകുന്നതിന് കാരണമറിയാം

ചെന്നൈ: ട്രെയിനുകൾ വൈകിയോടുന്നത് കേരളത്തിൽ പുതുമയുള്ള വാർത്തയല്ല. ട്രെയിനുകൾ വൈകിയാൽ അതത് മേഖലയിലെ ജനറൽ മാനേജർ അടക്കമുള്ള ഉന്നത ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്ന് കേന്ദ്രറെയിൽവേ മന്ത്രി പിയൂഷ് ​ഗോയൽ അടുത്തിടെ കർശന നിർദേശം നൽകിയിരുന്നു. എന്നിട്ടും ട്രെയിനുകളുടെ വൈകിയോട്ടം പതിവ് പല്ലവി പോലെ തുടരുകയാണ്.

ഇതിനിടെ ട്രെയിനുകൾ വൈകിയതിന്റെ കാരണം യാത്രക്കാരന് അറിയാനുള്ള ടോൾഫ്രീ നമ്പറുമായി ദക്ഷിണ റെയിൽവേ രം​ഗത്തെത്തി. ട്രെയിനുകൾ വൈകിയാൽ 138 എന്ന ടോൾഫ്രീ നമ്പറിൽ പരാതിപ്പെടണാണ് നിർദേശം. ഈ നമ്പറിൽ വിളിച്ചാൽ എന്തുകൊണ്ടാണ് തീവണ്ടി വൈകുന്നതെന്ന് കൃത്യമായി അറിയിക്കും. 138-ലേക്ക് വിളിക്കുന്നവരുടെ പരാതികൾ കേൾക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വിവരം നൽകാനും പ്രത്യേക കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും ദക്ഷിണറെയിൽവേ ഓപ്പറേഷൻസ് വിഭാഗം അറിയിച്ചു.

ഉദ്യോഗസ്ഥരുടെ അനാസ്ഥകൊണ്ട് ട്രെയിനുകൾ വൈകുന്നുണ്ടോയെന്ന് അറിയാനാണ് 138-ൽ വിളിച്ച് പരാതിപ്പെടാൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ നമ്പറിൽ വിളിച്ചിട്ടും കൃത്യമായ മറുപടി ലഭിച്ചില്ലെങ്കിൽ ദക്ഷിണറെയിൽവേയുടെ പരാതിപരിഹാര സെല്ലിൽ എഴുതി അയയ്ക്കാമെന്നും അധികൃതർ വ്യക്തമാക്കി. തീവണ്ടിയാത്രയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ഈ നമ്പറിൽ അറിയിക്കാവുന്നതാണ്.   വിളിക്കുമ്പോൾ ടിക്കറ്റിന്റെ പി.എൻ.ആർ. നമ്പറും തീവണ്ടിയുടെ നമ്പറും അറിയിക്കണം. 

ട്രെയിനിൽ വെള്ളമില്ലെന്നാണ് പരാതിയെങ്കിൽ അടുത്ത റെയിൽവേ ജങ്ഷനിൽ വെച്ച് വെള്ളം നിറച്ചശേഷമേ വണ്ടി യാത്രപുറപ്പെടൂ. എല്ലാ റെയിൽവേ ഡിവിഷനുകൾ കേന്ദ്രീകരിച്ചും പരാതി പരിഹരിക്കാനുള്ള കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നതായി ദക്ഷിണ റെയിൽവേ അറിയിച്ചു. സുരക്ഷാസംബന്ധമായ പരാതികൾ പറയാൻ  നമ്പർ 182 ലേക്കാണ് വിളിക്കേണ്ടത്. യാത്രയുമായി ബന്ധപ്പെട്ട ഏത് പരാതിയും അരമണിക്കൂറിനുള്ളിൽ പരിഹരിക്കുമെന്നും ദക്ഷിണറെയിൽവേ അധികൃതർ അവകാശപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com