18 ലക്ഷം രൂപയുടെ സമ്മാനത്തിന് 16.69 ലക്ഷം രൂപ നികുതി; ഫേസ്ബുക്ക് സൗഹൃദം തട്ടിപ്പിലവസാനിച്ചു    

ഫേസ്ബുക്ക് സൗഹൃദം വഴി വന്‍ തുകയുടെ തട്ടിപ്പ്. വിദേശിയെന്ന് പരിചയപ്പെടുത്തി തുടങ്ങിയ സൗഹൃദം അവസാനിച്ചത് 16.69 ലക്ഷം രൂപയുടെ തട്ടിപ്പില്‍
18 ലക്ഷം രൂപയുടെ സമ്മാനത്തിന് 16.69 ലക്ഷം രൂപ നികുതി; ഫേസ്ബുക്ക് സൗഹൃദം തട്ടിപ്പിലവസാനിച്ചു    

മംഗളൂരു: ഫേസ്ബുക്ക് സൗഹൃദം വഴി വന്‍ തുകയുടെ തട്ടിപ്പ്. വിദേശിയെന്ന് പരിചയപ്പെടുത്തി തുടങ്ങിയ സൗഹൃദം അവസാനിച്ചത് 16.69 ലക്ഷം രൂപയുടെ തട്ടിപ്പില്‍. മംഗളൂരു സ്വദേശി രേഷ്മയാണ് തട്ടിപ്പിനിരയായത്. 

വിദേശിയെന്ന് പരിചയപ്പെടുത്തി ജാക്ക് കാള്‍മാന്‍ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നുവന്ന സൗഹൃദാഭ്യര്‍ഥന സ്വീകരിച്ചതോടെയാണ് തട്ടിപ്പിന്റെ തുടക്കം. രേഷ്മയുടെ സമ്പന്ന കുടുംബപശ്ചാതലം അറിഞ്ഞ് തുടങ്ങിയ സൗഹൃദം വിശ്വസനീയമായ തലത്തില്‍ എത്തിയപ്പോള്‍ സമ്മാനം അയക്കാമെന്നായി ജാക്ക് കാള്‍മാന്‍. 18 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നെന്നാണ് കാള്‍മാന്‍ രേഷ്മയെ അറിയിച്ചത്. എന്നാല്‍ തനിക്കിത് വേണ്ടെന്ന നിലപാടായിരുന്നു രേഷ്മയുടേത്. പക്ഷെ ഇത് ഗൗരവമാക്കാതെ സമ്മാനം അയക്കുമെന്ന് കാള്‍മാന്‍ അറിയിച്ചു.

പിന്നാലെ കസ്റ്റംസ് ഓഫീസര്‍ എന്ന് പരിചയപ്പെടുത്തിയ ഒരാളുടെ ഫോണ്‍കോള്‍ ആണ് രേഷ്മയ്ക്ക്  വന്നത്. കോള്‍മാന്‍ എന്നൊരാള്‍ വിദേശത്തുനിന്ന് സമ്മാനം അയച്ചിട്ടുണ്ടെന്ന് അറിയിച്ചുള്ളതായിരുന്നു കോള്‍. സമ്മാനത്തിന്റെ നികുതിയിനത്തില്‍ 16,69,000 രൂപ കെട്ടണമെന്നും ഫോണ്‍ കോളില്‍ ആവശ്യപ്പെട്ടു. ഇതും രേഷ്മ നിരസിക്കുകയായിരുന്നു. എന്നാല്‍ കേസിന്റെ ഭവിഷത്തുകളെയും ജയില്‍ ശിക്ഷയെയും കുറിച്ച് അറിയിച്ചതോടെ കാര്യങ്ങള്‍ കേട്ട് ഭയന്ന രേഷ്മ 16,69,000 രൂപ കസ്റ്റംസ് ഓഫീസര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് അയച്ചുനല്‍കി. നെറ്റ് ബാങ്കിങ് വഴിയാണ് തുക അയച്ചുനല്‍കിയത്.  

എന്നാല്‍ പണം അയച്ചതിന് ശേഷം കാള്‍മാനെകുറിച്ചോ കസ്റ്റംസ് ഓഫീസറേക്കുറിച്ചോ ഒരു വിവരവും പിന്നീടുലഭിച്ചില്ല. ഫോണ്‍ വന്ന നമ്പറിലേക്ക് തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ നമ്പര്‍ നിലവില്‍ ഇല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. കോള്‍മാന്റെ ഫേസ്ബുക്ക് പേജും പണം നല്‍കിയതിന് പിന്നാലെ ഡിലീറ്റ് ചെയ്യപ്പെട്ടതായി കണ്ടു. ഇതേതുടര്‍ന്നാണ് മംഗളൂരു സൈബര്‍സെല്‍ പോലീസില്‍ രേഷ്മ പരാതിയുമായി എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com