അസംബ്ലിക്കിടെയില്‍ കോട്ടുവായിട്ടതിന് 6-ാം ക്ലാസുകാരന് മര്‍ദ്ദനം; പ്രധാനാദ്ധ്യാപികയ്‌ക്കെതിരെ കേസ്  

കുട്ടിയോട് അദ്ധ്യാപിക ഇതിനുമുന്‍പും രൂക്ഷമായി പെരുമാറിയിട്ടുണ്ടെന്നും ഇത്തരം പെരുമാറ്റം കാരണം മകന്‍ സ്‌കൂളില്‍ പോകാന്‍ പല ദിവസങ്ങളില്‍ വിസമ്മതിക്കാറുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു
അസംബ്ലിക്കിടെയില്‍ കോട്ടുവായിട്ടതിന് 6-ാം ക്ലാസുകാരന് മര്‍ദ്ദനം; പ്രധാനാദ്ധ്യാപികയ്‌ക്കെതിരെ കേസ്  

താനെ:  സ്‌കൂളില്‍ അസംബ്ലിക്കിടെയില്‍ കോട്ടുവായിട്ട 11കാരനെ മര്‍ദ്ദിച്ചതിന് പ്രധാനാദ്ധ്യാപികയ്‌ക്കെതിരെ കേസ്. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെതുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മഹാരാഷ്ട്രയിലെ താനെയിലുള്ള സ്വകാര്യ സ്‌കൂളിലാണ് സംഭവം. 

രാവിലെ സ്‌കൂളില്‍ നടന്ന അസംബ്ലിയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടി കോട്ടുവായിട്ടതിനെതുടര്‍ന്ന് പ്രധാനാദ്ധ്യാപിക കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നെന്നും സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് സ്‌കൂളിലെത്തി അന്വേഷണം നടത്തിയെന്നും പൊലീസ് പറയുന്നു. അന്വേഷണത്തിനായി എത്തിയ തങ്ങളോട് കുട്ടികള്‍ തെറ്റുചെയ്തുകണ്ടാല്‍ ഞങ്ങള്‍ ശിക്ഷിക്കും എന്നായിരുന്നു അദ്ധ്യാപികയുടെ മറുപടിയെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ ബാലാജി പണ്ഡാരെ പറഞ്ഞു. 

കുട്ടിയെ മര്‍ദ്ദിച്ച സംഭവം അന്വേഷിക്കാന്‍ കുട്ടിയുടെ അച്ഛന്‍ സ്‌കൂളില്‍ എത്തിയപ്പോഴും അദ്ധ്യാപികയുടെ മറുപടി ഇതുതന്നെയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിതാവിന്റെ പരാതിയില്‍ കേസ് എടുത്തിട്ടുണ്ടെന്നും എന്നാല്‍ അറസ്റ്റൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

കുട്ടിയോട് അദ്ധ്യാപിക ഇതിനുമുന്‍പും രൂക്ഷമായി പെരുമാറിയിട്ടുണ്ടെന്നും ഇത്തരം പെരുമാറ്റം കാരണം മകന്‍ സ്‌കൂളില്‍ പോകാന്‍ പല ദിവസങ്ങളില്‍ വിസമ്മതിക്കാറുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. മകനെ നിര്‍ബന്ധിച്ച് സ്‌കൂളില്‍ പറഞ്ഞയച്ച താന്‍ സ്‌കൂള്‍ മാനേജ്‌മെന്റില്‍ പ്രധാനാധ്യാപികയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com