ഓരോ മണിക്കൂറിലും നാല് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു; ലോകത്ത് സ്ത്രീ സുരക്ഷയില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമത്

ബലാത്സംഗവും അതിനെ തുടര്‍ന്നുള്ള കൊലപാതകങ്ങളും ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് വര്‍ധിച്ചുവെന്നും ഡല്‍ഹിയിലെ നിര്‍ഭയ സംഭവം മുതല്‍ കേരളത്തില്‍ വിദേശവനിത കൊല്ലപ്പെട്ടത് വരെ ചൂണ്ടിക്കാട്ടി  സര്‍വ്വേ
ഓരോ മണിക്കൂറിലും നാല് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു; ലോകത്ത് സ്ത്രീ സുരക്ഷയില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമത്

ന്യൂഡല്‍ഹി: ലോകത്തില്‍ സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യം ഇന്ത്യയാണെന്ന് ആഗോള സര്‍വ്വേ റിപ്പോര്‍ട്ട്.ഐക്യരാഷ്ട്രസഭാ അംഗങ്ങളായ 193 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് തോംസണ്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.  അഫ്ഗാനിസ്ഥാനിലും സിറിയയിലും പോലും സ്ത്രീകള്‍ ഇന്ത്യയിലുള്ളതിനേക്കാള്‍ സുരക്ഷിതരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

വലിയതോതിലുള്ള ലൈംഗീക അക്രമങ്ങളും അടിമപ്പണിയും സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്നു.ആദ്യപത്തിലുള്ള പാശ്ചാത്യ രാജ്യം യുഎസ് മാത്രമാണ്. ലൈംഗീക അതിക്രമങ്ങളാണ് യുഎസില്‍ കൂടുതല്‍. 2011 ല്‍ റോയിട്ടേഴ്‌സ് നടത്തിയ സര്‍വ്വേയില്‍ അഫ്ഗാനിസ്ഥാനായിരുന്നു സ്ത്രീ സുരക്ഷ തീരെയില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത് എത്തിയിരുന്നത്. 


ബലാത്സംഗവും അതിനെ തുടര്‍ന്നുള്ള കൊലപാതകങ്ങളും ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് വര്‍ധിച്ചുവെന്നും ഡല്‍ഹിയിലെ നിര്‍ഭയ സംഭവം മുതല്‍ കേരളത്തില്‍ വിദേശവനിത കൊല്ലപ്പെട്ടത് വരെ ചൂണ്ടിക്കാട്ടി  സര്‍വ്വേ പറയുന്നു.ഓരോ മണിക്കൂറിലും രാജ്യത്ത് നിന്ന് നാല് ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകള്‍ എത്രമാത്രം ഉണ്ടാകുമെന്ന ആശങ്കയും സര്‍വ്വേ മുന്നോട്ട് വയ്ക്കുന്നുണ്ട്. വളര്‍ന്നു വരുന്ന സമ്പദ്വ്യവസ്ഥയും ബഹിരാകാശ ശക്തിയുമാണെന്നൊക്കെ പറയുമ്പോഴും സ്ത്രീസുരക്ഷ കടലാസില്‍ പോലുമില്ലെന്ന്  സര്‍വ്വേ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. 
മനുഷ്യക്കടത്തും ഗാര്‍ഹിക പീഡനവും നിര്‍ബന്ധിത വിവാഹവും ലോകത്ത് മറ്റെവിടെയുള്ളതിനെക്കാളും ഇന്ത്യയിലാണ് കൂടുതലെന്നും കണ്ടെത്തിയിട്ടുണ്ട്. പെണ്‍ഭ്രൂണഹത്യയും വന്‍തോതില്‍ രാജ്യത്ത് വര്‍ധിച്ചതായും ആശുപത്രികള്‍ കേന്ദ്രീകരിച്ച് കൂടി നടത്തിയ പഠനം വെളിപ്പെടുത്തുന്നു. 


ലോകത്തെ പിടിച്ചു കുലുക്കിയ ' മീ ടൂ' ക്യാംപെയിന്‍ യുഎസില്‍ നടക്കുന്ന സ്ത്രീപീഡനങ്ങളുടെ വിവരങ്ങള്‍ സമാഹരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചതായി സര്‍വ്വേ വ്യക്തമാക്കുന്നു. സാമ്പത്തിക സുരക്ഷിതത്വമുള്ള സ്ത്രീകള്‍ പോലും പലതരത്തിലും ലൈംഗീകഅതിക്രമങ്ങള്‍ക്ക് വിധേയരാക്കപ്പെടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com