തലയ്ക്ക് മീതെ 15ലക്ഷം കടം; ഭാര്യയെയും മകളെയും 5ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമം 

ഇപ്പോള്‍ 12വയസ്സുള്ള തന്റെ മകളെ പ്രായപൂര്‍ത്തിയാകുമ്പോള്‍ 1.5ലക്ഷം രൂപയ്ക്ക് നല്‍കാമെന്നാണ് ഇയാള്‍ കരാര്‍ നല്‍കിയിരിക്കുന്നത്
തലയ്ക്ക് മീതെ 15ലക്ഷം കടം; ഭാര്യയെയും മകളെയും 5ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമം 

ഹൈദ്രാബാദ്: കടമെടുത്ത 15ലക്ഷം രൂപ അടയ്ക്കാനായി ഭാര്യയെയും മകളെയും വില്‍ക്കാനൊരുങ്ങി ആന്ധ്രാപ്രദേശ് സ്വദേശി. ഓട്ടോഡ്രൈവറായ 38കാരനാണ് കടമെടുത്ത തുകയ്ക്ക് പകരമായി ഭാര്യയെയും മകളെയും വില്‍ക്കന്‍ തീരുമാനിച്ച് കരാര്‍ ഉണ്ടാക്കിയത്. 

പായപൂര്‍ത്തിയാകാത്ത നാല് പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമാണ് ഇയാള്‍ക്കുള്ളത്. ഇപ്പോള്‍ 12വയസ്സുള്ള തന്റെ മകളെ പ്രായപൂര്‍ത്തിയാകുമ്പോള്‍ 1.5ലക്ഷം രൂപയ്ക്ക് നല്‍കാമെന്നാണ് ഇയാള്‍ കരാര്‍ നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയെ മറ്റ് പുരുഷന്‍മാരുടെ കണ്ണുകളില്‍ നിന്ന് മാറ്റി സുരക്ഷിതയായി വളര്‍ത്തണമെന്നും പ്രായപൂര്‍ത്തിയാകുമ്പോള്‍ തനിക്ക് കൈമാറണമെന്നുമാണ് വാങ്ങാന്‍ എത്തിയ വ്യക്തി തന്റെ ഭര്‍ത്താവിനോട് പറഞ്ഞതെന്ന് ഇയാളുടെ ഭാര്യ പറയുന്നു. ഭര്‍ത്താവിന്റെ ഇത്തരം തന്ത്രങ്ങള്‍ അടുത്തിടെയാണ് താന്‍ അറിഞ്ഞതെന്നും തന്റെ അഞ്ച് മക്കളെയും ഇയാള്‍ വില്‍ക്കുമോ എന്ന് ഭയക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. 

ഇയാള്‍ തന്റെ ഭാര്യയെയും വില്‍ക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ഒരു ബന്ധുവുമായി ഇതിനായി 5ലക്ഷം രൂപയ്ക്ക് കരാറായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവങ്ങള്‍ അറിഞ്ഞുടനെ കുര്‍നോള്‍ ജില്ലയിലുള്ള തന്റെ വീട്ടിലേക്ക് പോയ ഭാര്യ അവിടെ എത്തി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 

കുട്ടികള്‍ തന്റെയാണെന്നും അവരെ എന്തുചെയ്യണമെന്ന് താന്‍ തീരുമാനിക്കുമെന്നുമാണ് ഭര്‍ത്താവ് പറയുന്നതെന്ന് ഭാര്യ പൊലീസില്‍ പറഞ്ഞു. പരാതിയെതുടര്‍ന്ന് ഇവരുടെ വീട്ടിലേക്കെത്തിയ ശിശുക്ഷേമപ്രവര്‍ത്തകര്‍ 12വയസുള്ള ഇവരുടെ മകളെ വിവാഹം ചെയ്തയക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതാണ് കണ്ടത്. ഇതേതുടര്‍ന്ന 17ഉം 12ഉം വയസുള്ള ഇവരുടെ പെണ്‍മക്കള്‍ രണ്ടുപേരെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി. കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചതിന് ശേഷം കേസ് ഫയല്‍ ചെയ്യുമെന്നും അതിനുമുന്‍പ് കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കി പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com