എന്തുകൊണ്ട് താങ്കള്‍ക്ക് ഒരു വക്താവാകണം; കോണ്‍ഗ്രസ് വക്താവാകാന്‍ ഇനി പരീക്ഷ ജയിച്ചേ പറ്റു
By സമകാലിക മലയാളം വേള്‍ഡ്കപ്പ് ഡെസ്‌ക് | Published: 29th June 2018 04:03 PM |
Last Updated: 29th June 2018 04:03 PM | A+A A- |

ലക്‌നൗ: എല്ലാവരും കോണ്‍ഗ്രസ് വക്താക്കാളാവുന്ന കാലത്തിന് വിരാമമാരുന്നു. കോണ്‍ഗ്രസ് വക്താക്കളെ തെരഞ്ഞടുക്കാന്‍ ഇനി പുതിയരീതി വരുന്നു. ഇതിന്റെ ആദ്യപരീക്ഷണം ഉത്തര്‍പ്രദേശില്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തൊക്കെയാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പരാജയങ്ങള്‍, മന്‍മോഹന്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്തൊക്കെ, എത്ര നിയമസഭാ സീറ്റുകള്‍ ചേരുന്നതാണ് ഒരു ലോക്‌സഭാ സീറ്റ് എന്നിങ്ങനെ നീളുന്നു ചോദ്യങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചത്
യുപിയിലെ കോണ്‍ഗ്രസിന്റെ പുതിയ മാധ്യമസംഘത്തിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ പങ്കെടുത്ത 70 പേര്‍ക്ക് ഇത്തരത്തില്‍ 14 ചോദ്യങ്ങളടങ്ങുന്ന അഭിമുഖമാണു നേരിടേണ്ടി വന്നത്. കോണ്‍ഗ്രസിന്റെ ദേശീയ വക്താവായ പ്രിയങ്ക ചതുര്‍വേദി, മാധ്യമ കോഓര്‍ഡിനേറ്റര്‍ രാഹുല്‍ ഗുപ്ത എന്നിവരുടെ നേതൃത്വത്തിലായിരുന്നു യുപി കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ നീക്കം.
അടിയന്തരമായി ഒരു യോഗമുണ്ടെന്ന് അറിയിപ്പു കിട്ടിയെത്തിയ പ്രവര്‍ത്തകര്‍ക്കായിരുന്നു അഭിമുഖ പരീക്ഷ. എന്നാല്‍ ഇത്തരം അഭിമുഖങ്ങള്‍ എഐസിസി വക്താക്കളെ തിരഞ്ഞെടുക്കുമ്പോള്‍ സാധാരണമാണെന്നും ഇപ്പോള്‍ അതേ മാതൃക യുപിയിലും തുടര്‍ന്നെന്നു മാത്രമേയുള്ളുവെന്നും ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ മാത്രമാണു ചോദിച്ചതെന്നും എഐസിസി മാധ്യമസംഘത്തിനു സമാനമായിട്ടായിരിക്കും യുപിസിസിയുടെയും പ്രവര്‍ത്തനമെന്നും അവര്‍ പറഞ്ഞു.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തന്നതിന്റെ ഭാഗമായിട്ടാണു പുതിയ നീക്കമെന്നാണു സൂചന.
അഭിമുഖത്തിലെ ചില ചോദ്യങ്ങള്‍
ഉത്തര്‍പ്രദേശില്‍ എത്ര ബ്ലോക്കുകളും മേഖലകളും ഉണ്ട്?
യുപിയില്‍ എത്ര സംവരണ ലോക്‌സഭാ സീറ്റുകളുണ്ട്?
2004 ലും 2009 ലും കോണ്‍ഗ്രസ് എത്ര സീറ്റുകളില്‍ വി!ജയിച്ചു?
2014 ലോക്‌സഭാ, 2017 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ വോട്ടു ശതമാനം എത്രയായിരുന്നു?
യുപിയില്‍ എത്ര ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളുണ്ട്?
എത്ര നിയമസഭാ സീറ്റുകള്‍ ചേരുന്നതാണ് ഒരു ലോക്‌സഭാ സീറ്റ്?
നിയമപരമായി യുപിയില്‍ എത്ര ലോക്‌സഭാ സീറ്റുകളുടെ കുറവുണ്ട്, എത്ര നിയമസഭാ സീറ്റുകള്‍ കൂടുതലുണ്ട്?
ആദിത്യനാഥ് സര്‍ക്കാരിന്റെ പരാജയങ്ങള്‍ എന്തൊക്കെ?
മന്‍മോഹന്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍?
കോണ്‍ഗ്രസ് വക്താവിനു പ്രസ്താവന ഇറക്കാന്‍ സാധിക്കുന്ന ഇന്നത്തെ പ്രധാന തലക്കെട്ടുകള്‍ എന്തൊക്കെയാണ്?
എന്തുകൊണ്ട് താങ്കള്‍ക്ക് ഒരു വക്താവാകണം?