ഇനി സാമ്പത്തികതട്ടിപ്പ് നടത്തി രാജ്യം വിടാമെന്ന് കരുതേണ്ട; സ്വത്ത് കണ്ടുകെട്ടാന്‍ പുതിയ നിയമവുമായി കേന്ദ്രം

രാജ്യത്തെ ബാങ്കുകളില്‍ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടുന്നവര്‍ക്കെതിരെ കര്‍ശന നടപടി  സ്വീകരിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍
ഇനി സാമ്പത്തികതട്ടിപ്പ് നടത്തി രാജ്യം വിടാമെന്ന് കരുതേണ്ട; സ്വത്ത് കണ്ടുകെട്ടാന്‍ പുതിയ നിയമവുമായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകളില്‍ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടുന്നവര്‍ക്കെതിരെ കര്‍ശന നടപടി  സ്വീകരിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ പുതിയ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.  സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിനുള്ള ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡര്‍ ബില്ലിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്.നീരവ് മോദിയടക്കമുള്ള പ്രമുഖ വ്യവസായികള്‍ നടത്തിയ സാമ്പത്തിക തട്ടിപ്പ് സര്‍ക്കാരിന് വെല്ലുവിളിയായ പശ്ചാത്തലത്തിലാണ് പുതിയ ബില്ലിന് രൂപം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്. 

തട്ടിപ്പ് നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുവകകള്‍ കണ്ട് കെട്ടുന്നതിനുള്ള നിയമമാണ് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയിരിക്കുന്നത്. ഇവരുടെ വിദേശത്തെ സ്വത്തുക്കള്‍ കണ്ട് കെട്ടാനും ബില്ല് അനുവദിക്കുന്നു.എന്നാല്‍ വിദേശത്തെ സ്വത്തുക്കള്‍ കണ്ട് കെട്ടുന്നതിന് ആ രാജ്യത്തിന്റെ സഹകരണവും വേണം.

പുതിയ ബില്‍ പ്രകാരം അറസ്റ്റ് വാറണ്ടിനോട് ആറാഴ്ചയായിട്ടും പ്രതികരിക്കാത്തവരെ തട്ടിപ്പ് നടത്തി കടന്നവരായി കണക്കാക്കും. 100 കോടി രൂപയില്‍ കൂടുതല്‍ തുക തട്ടിച്ചവരാണ് ബില്ലിന്റെ പരിധിയില്‍ വരിക. സാമ്പത്തിക തട്ടിപ്പ് കേസുകള്‍ കൈകാര്യം ചെയ്യാനായി ദേശീയ ഫിനാഷ്യല്‍ റിപ്പോര്‍ട്ടിംഗ് അതോറിറ്റിയെ രൂപീകരിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. രാജ്യത്തെ വന്‍കിട കമ്പനികള്‍ ഈ അതോറിറ്റിയുടെ കീഴിലായിരിക്കും.

രാജ്യം വിട്ട കുറ്റവാളികളെ തിരികെ എത്തിക്കുന്ന നടപടിക്ക് വളരെയധികം കാലതാമസമെടുക്കുമെന്ന കാരണത്താലാണ് പുതിയ നിയമം കേന്ദ്രം കൊണ്ടുവരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com