ത്രിപുരയില്‍ ഹോളി വിപണിയിലും കാവിമയം; അധികാരമേറുമെന്ന ആത്മവിശ്വാസത്തില്‍ ബിജെപി 

നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, ത്രിപുരയില്‍ ഹോളി വിപണിയിലും സിപിഎം-ബിജെപി പോരാട്ടം.
ത്രിപുരയില്‍ ഹോളി വിപണിയിലും കാവിമയം; അധികാരമേറുമെന്ന ആത്മവിശ്വാസത്തില്‍ ബിജെപി 

അഗര്‍ത്തല:  നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, ത്രിപുരയില്‍ ഹോളി വിപണിയിലും സിപിഎം-ബിജെപി പോരാട്ടം. പരമ്പരാഗതമായി നിറങ്ങളുടെ ഉത്സവമായ ഹോളിയില്‍ ചുവന്ന നിറത്തിനായിരുന്നു സംസ്ഥാനത്ത് പ്രിയം. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ മാറ്റിമറിച്ചു. സിപിഎമ്മിന് വെല്ലുവിളി സൃഷ്ടിച്ച് ബിജെപി രംഗത്തുവന്നതോടെ കാവിനിറത്തിനും ആവശ്യക്കാര്‍ ഏറേയാണ്. ഇതോടെ ഹോളിയും രാഷ്ട്രീയത്തിന് വഴിമാറുകയാണ്.

ശനിയാഴ്ചയാണ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. തലേന്ന് നടക്കുന്ന ഹോളി ഉത്സവത്തില്‍ പതിവില്‍ നിന്നും വ്യത്യസ്തമായി മുഖത്ത് ചായം പൂശാന്‍ കാവി നിറത്തിനും ആവശ്യക്കാര്‍ ഏറേയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

25 വര്‍ഷം തുടര്‍ച്ചയായി ഭരിക്കുന്ന സിപിഎമ്മിനോടുളള ആഭിമുഖ്യം പ്രകടിപ്പിച്ച് മുന്‍ വര്‍ഷങ്ങളില്‍ ചുവന്നനിറം വാരിപൂശുന്നവരായിരുന്നു ഏറേയും. ഇത്തവണ മണിക് സര്‍ക്കാരിന് വെല്ലുവിളി സൃഷ്ടിച്ച് ശക്തമായ പ്രചാരണ പ്രവര്‍ത്തനമാണ് ബിജെപി നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഗോത്രവിഭാഗ പാര്‍ട്ടിയായ ഐപിഎഫ്ടിയുമായി ബിജെപിക്ക് സഖ്യത്തിലേര്‍പ്പെടാന്‍ കഴിഞ്ഞതും നേട്ടമായി.

ഇതിന്റെയെല്ലാം ഫലമായി കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളും ബിജെപിക്ക് കൂടുതല്‍ അനുകൂലമായിരുന്നു. ഒട്ടുമിക്ക സര്‍വ്വേ ഫലങ്ങളും ബിജെപി അധികാരത്തില്‍ വരുമെന്നാണ് പ്രവചിച്ചത്. ഇതിന് പിന്നാലെ നടക്കുന്ന നിറങ്ങളുടെ ദേശീയ ഉത്സവത്തിലും രാഷ്ട്രീയപോരാട്ടം കനക്കുകയാണ്.

തെരഞ്ഞെടുപ്പ് ഫലം മുന്‍നിര്‍ത്തി ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ മത്സരിച്ച് അവരവരുടെ നിറങ്ങള്‍ സ്വന്തമാക്കുന്നതും നിര്‍ബാധം തുടരുകയാണ്. ഇരുവരും തങ്ങള്‍ ജയിക്കുമെന്ന് അവകാശവാദം ഉന്നയിച്ച് ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. അതേസമയം വിപണിയില്‍ ചുവന്ന നിറത്തേക്കാള്‍ ഇരട്ടി ചെലവേറിയതാണ് കാവി നിറമെന്ന നിലയിലുളള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ചുവന്ന നിറത്തിന് കിലോഗ്രാമിന് 35 രൂപ മുതല്‍ 60 രൂപ വരെയാണ് വിലയെങ്കില്‍ കാവിയ്ക്ക് 50 മുതല്‍ 120 രൂപ വരെയാണ് വില ഈടാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com