ബിജെപിയെ തടയാന്‍ പൊതുസ്ഥാനാര്‍ത്ഥിയാകാം; ബംഗാള്‍ സിപിഎമ്മിനോട് കോണ്‍ഗ്രസ് 

പശ്ചിമ ബംഗാളില്‍ ബിജെപിയുടെ മുന്നേറ്റം തടയാന്‍ സിപിഎമ്മുമായി യോജിപ്പിനുളള ഫോര്‍മുലയ്ക്ക് രൂപംനല്‍കി കോണ്‍ഗ്രസ്.
ബിജെപിയെ തടയാന്‍ പൊതുസ്ഥാനാര്‍ത്ഥിയാകാം; ബംഗാള്‍ സിപിഎമ്മിനോട് കോണ്‍ഗ്രസ് 

കൊല്‍ക്കത്ത:  പശ്ചിമ ബംഗാളില്‍ ബിജെപിയുടെ മുന്നേറ്റം തടയാന്‍ സിപിഎമ്മുമായി യോജിപ്പിനുളള ഫോര്‍മുലയ്ക്ക് രൂപംനല്‍കി കോണ്‍ഗ്രസ്. രാജ്യസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും സ്വീകാര്യനായ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ബിജെപിയുടെ മുന്നേറ്റത്തിന് തടയിടാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. യുക്തിപൂര്‍വ്വമായ നീക്കമാണെന്ന് സിപിഎം ബംഗാള്‍ ഘടകം പ്രതികരിച്ചു.

സംസ്ഥാനത്ത് ഒഴിവുവരുന്ന അഞ്ചു രാജ്യസഭ സീറ്റുകളിലേക്ക് മാര്‍ച്ച് 23ന് തെരഞ്ഞെടുപ്പ് നടക്കുകയാണ്. നിലവില്‍ നാലു സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസും ഒരു സീറ്റ് സിപിഎമ്മുമാണ് കൈവശം വെച്ചിരിക്കുന്നത്. നിയമസഭയിലെ നിലവിലെ കക്ഷിനില അനുസരിച്ച് വീണ്ടും ഒരാളെ പാര്‍ട്ടിടിക്കറ്റില്‍ രാജ്യസഭയിലേക്ക് അയക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സിപിഎം. 

ഈ പശ്ചാത്തലത്തിലാണ് പുതിയ സമവാക്യവുമായി കോണ്‍ഗ്രസ് രംഗത്തുവന്നിരിക്കുന്നത്. സംസ്ഥാനത്ത് ബിജെപിയുടെ മുന്നേറ്റം തടയാന്‍ സിപിഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന ഘടകം പറയുന്നു. വരുന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും  യോജിപ്പുളള ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ സംയുക്തമായി മത്സരിപ്പിക്കണമെന്ന വികാരമാണ് ഉയരുന്നതെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആദിര്‍ ചൗധരി പറഞ്ഞു.

നീക്കത്തെ ന്യായീകരിച്ച സിപിഎം സംസ്ഥാന ഘടകം ഔദ്യോഗിക തീരുമാനം പാര്‍ട്ടി നേതൃത്വം കൈകൊളളുമെന്ന് വ്യക്തമാക്കി. 

നേരത്തെ  സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ മത്സരരംഗത്തിറക്കിയാല്‍ പിന്തുണയ്ക്കമെന്ന്് കോണ്‍ഗ്രസ് തുറന്നുപറഞ്ഞിരുന്നു. പിന്നിട് കേന്ദ്രനേതൃത്വത്തിന്റെ സമ്മര്‍ദഫലമായി താന്‍ മത്സരിക്കാനില്ലെന്ന് യെച്ചൂരി തന്നെ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം.

ഇടതുപക്ഷ-കോണ്‍ഗ്രസ് സഖ്യം തകര്‍ന്നത് ബിജെപിക്ക് ഗുണം ചെയ്തുവെന്ന് വിലയിരുത്തിയ കോണ്‍ഗ്രസ് നേതൃത്വം സീതാറാം യെച്ചൂരിയാണ് മത്സരിക്കുന്നതെങ്കില്‍ വീണ്ടും പിന്തുണ പ്രഖ്യാപിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി. അതേസമയം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുളള നീക്കത്തില്‍ കോണ്‍ഗ്രസില്‍ തന്നെ ഭിന്നാഭിപ്രായം ഉയരുന്നുണ്ട്. പാര്‍ട്ടി സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസില്‍ ആവശ്യപ്പെടുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com