തോട്ടിപ്പണി ചെയ്യാന്‍ വിസമ്മതിച്ചു: ദളിത് ദമ്പതികള്‍ക്ക് മദ്രാസ് ഹൈക്കോടതി 25000 രൂപ പിഴ വിധിച്ചു

അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ഒരു ജോലിക്കാരി യൂണിവേഴ്‌സിറ്റി ഡീന്‍ ചിത്ര സെല്‍വിയുടെ തൊഴില്‍ പീഡനത്തെപ്പറ്റി സംസാരിക്കുന്ന ഒരു വീഡിയോ 2017 ഓഗസ്റ്റില്‍ സമൂഹമാധ്യമങ്ങളിലാകെ വയറലായിരുന്നു.
തോട്ടിപ്പണി ചെയ്യാന്‍ വിസമ്മതിച്ചു: ദളിത് ദമ്പതികള്‍ക്ക് മദ്രാസ് ഹൈക്കോടതി 25000 രൂപ പിഴ വിധിച്ചു

തോട്ടിപ്പണി ചെയ്യാന്‍ വിസമ്മതിച്ചതിന് ദളിത് കുടുംബത്തിനെതിരെ മദ്രാസ് ഹൈക്കോടതിയുടെ 25000 രൂപ പിഴ ശിക്ഷ. കോടതിയുടെ 'വിലപ്പെട്ട' സമയം പാഴാക്കി എന്ന കാരണം ചുമത്തിയാണ് പിഴ ഈടാക്കിയത്. 2017ലെ അണ്ണാ യൂണിവേഴ്‌സിറ്റി ഡീന്‍ ചിത്ര സെല്‍വിക്കെതിരായ കേസില്‍ വിധി പറയുകയായിരുന്നു കോടതി.

അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ഒരു ജോലിക്കാരി യൂണിവേഴ്‌സിറ്റി ഡീന്‍ ചിത്ര സെല്‍വിയുടെ തൊഴില്‍ പീഡനത്തെപ്പറ്റി സംസാരിക്കുന്ന ഒരു വീഡിയോ 2017 ഓഗസ്റ്റില്‍ സമൂഹമാധ്യമങ്ങളിലാകെ വയറലായിരുന്നു. മതിയായ സുരക്ഷാസംവിധാനങ്ങളില്ലാതെ തോട്ടിപ്പണി ചെയ്യിക്കുന്നുവെന്നും വീട്ടിലെ പണി പോലും ചെയ്യേണ്ടി വന്നിരുന്നുവെന്നും വീഡിയോയില്‍ അവര്‍ പരാതിപ്പെട്ടിരുന്നു. ഡീനിന്റെയും ഭര്‍ത്താവിന്റെയും അടിവസ്ത്രങ്ങള്‍ പോലും കഴുകിക്കൊടുക്കാന്‍ നിര്‍ബന്ധിക്കുമെന്നും ലൈംഗികമായി തന്നെ ചൂഷണം ചെയ്യാന്‍ ഭര്‍ത്താവിനെ അനുവദിക്കുന്നുവെന്നും വീഡിയോയില്‍ അവര്‍ പറഞ്ഞിരുന്നു.

സ്വീപ്പര്‍ പോസ്റ്റില്‍ കോണ്‍ട്രാക്ട് എടുത്തതാണ് യൂണിവേഴ്‌സിറ്റിയില്‍ ഇവര്‍ ജോലിയെടുത്തിരുന്നത്. ഭാര്യയും ഭര്‍ത്താവും ഇവിടെ ജോലി ചെയ്തിരുന്നു. തൊഴില്‍ പീഡനം ചൂണ്ടിക്കാട്ടി ഒപ്പം ജോലി ചെയ്തിരുന്ന മറ്റു 15 പേരും ചേര്‍ന്ന് വിഷയസംബന്ധിയായി കളക്ടര്‍ക്ക് പരാതി നല്‍കി. എന്നാല്‍ താമസിയാതെ ഇവരെല്ലാവരും പരാതി പിന്‍വലിക്കുകയും മാപ്പു പറഞ്ഞ് ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. കൂടെയുള്ളവര്‍ കയ്യൊഴിഞ്ഞെങ്കിലും വിട്ടു കൊടുക്കാന്‍ മനസ്സില്ലാതെ ദമ്പതികള്‍ കേസുമായി മുന്നോട്ടു പോയി. എന്നാല്‍ അനാവശ്യമായ പരാതി നല്‍കി ഇവര്‍ കോടതിയുടെ സമയം പാഴാക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കോടതി 25000 രൂപ പിഴ വിധിക്കുകയായിരുന്നു.

'തോട്ടിപ്പണി ചെയ്യാന്‍ നിയമിക്കപ്പെട്ടവര്‍ കക്കൂസും കഴുകണം. വേലക്കാരിയായി നിയമിക്കപ്പെടുന്നവര്‍ക്ക് ശമ്പളം നല്‍കുന്നത് കുടുംബത്തിന്റെ മൊത്തം തുണിയും കഴുകാന്‍ കൂടിയാണ്. വസ്ത്രങ്ങളില്‍ മുകള്‍ വസ്ത്രം, അടി വസ്ത്രം എന്നൊന്നുമില്ല. എല്ലാം അവര്‍ കഴുകണം. അത് പോലെ തോട്ടിപ്പണി ചെയ്യുന്നവര്‍ കക്കൂസ് കഴുകണം. കക്കൂസ് കഴുകാന്‍ നിര്‍ബന്ധിച്ചു എന്ന് ഒരു തോട്ടി പരാതിപ്പെടുന്നത് അംഗീകരിക്കാന്‍ കഴിയില്ല' കോടതി പറഞ്ഞു.

കോടതി വിധിയെത്തുടര്‍ന്ന് ഈ കുടുംബം പ്രതീക്ഷകളൊക്കെ വറ്റി ജീവിക്കുകയാണ്. 'ഞങ്ങളുടെ ഒരു പരാതിയും കോടതി കണ്ടില്ല. ഞങ്ങള്‍ക്ക് വധഭീഷണി ഉള്ളതിനാല്‍ ഞങ്ങളിവിടെ ഒളിച്ചു കഴിയുകയാണ്. കാശില്ലാത്തതു കൊണ്ട് ഞങ്ങളുടെ മക്കള്‍ ഇപ്പോള്‍ സ്‌കൂളില്‍ പോകുന്നില്ല.' ഭര്‍ത്താവ് പറഞ്ഞു.

2013 ലെ തോട്ടിപ്പണി നിരോധന പുനരധിവാസ ആക്ട് പ്രകാരം യൂണിവേഴ്‌സിറ്റിക്കെതിരെയും സെല്‍വിക്കെതിരെയും കേസെടുക്കാമെന്നിരിക്കെയാണ് പരാതിക്കാര്‍ക്ക് മദ്രാസ് ഹൈക്കോടതി പിഴ വിധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com