ത്രിപുരയില്‍ ചുവപ്പുകോട്ട ഇളകുമോ?; പ്രതീക്ഷയോടെ ബിജെപി 

കാല്‍നൂറ്റാണ്ടിന്റെ സിപിഎം രാഷ്ട്രീയം ത്രിപുരയില്‍ അവസാനിക്കും എന്നാണ് ഭൂരിഭാഗം എക്‌സിറ്റ്‌പോള്‍ സര്‍വേകളും പ്രവചിച്ചത്.
ത്രിപുരയില്‍ ചുവപ്പുകോട്ട ഇളകുമോ?; പ്രതീക്ഷയോടെ ബിജെപി 

അഗര്‍ത്തല: രാജ്യം ഉറ്റുനോക്കുന്ന ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. പതിവില്‍ നിന്നും വ്യത്യസ്തമായി തുടര്‍ച്ചയായി രണ്ട് പതിറ്റാണ്ട് കാലം സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിനെ വെല്ലുവിളിച്ച് ബിജെപി ശക്തമായി രംഗത്തുവന്നതാണ് ത്രിപുര തെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധ ആകര്‍ഷിച്ചത്.  കാല്‍നൂറ്റാണ്ടിന്റെ സിപിഎം രാഷ്ട്രീയം ത്രിപുരയില്‍ അവസാനിക്കും എന്നാണ് ഭൂരിഭാഗം എക്‌സിറ്റ്‌പോള്‍ സര്‍വേകളും പ്രവചിച്ചത്. ആദിവാസി വോട്ടുകളാകും ഇത്തവണ ത്രിപുര രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുക.

ബി.ജെ.പിക്ക് വോട്ടുകൂടുമെങ്കിലും അധികാരം കിട്ടില്ലെന്ന് പ്രവചിച്ച സര്‍വേകളുമുണ്ട്. ത്രിപുരയിലെ പ്രാദേശിക ചാനലുകള്‍ നടത്തിയ സര്‍വേകളില്‍ സിപിഎം 40 മുതല്‍ 45 സീറ്റുവരെ നേടുമെന്നാണ് പറയുന്നത്. 

ഗോത്രവിഭാഗങ്ങളില്‍ നിര്‍ണായക സ്വാധീനമുളള ഐപിഎഫ്ടിയുമായി സഖ്യമുണ്ടാക്കി  ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടതാണ് സിപിഎമ്മിന് വെല്ലുവിളിയാകുന്നത്. വടക്കന്‍ ത്രിപുരയിലെ 20 ആദിവാസി സീറ്റുകളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 19 ഇടത്ത് സിപിഎമ്മാണ് വിജയിച്ചത്. ഇത്തവണ ആദിവാസി സംഘടനയായ ഐ.പി.എഫ്.ടിയുമായി ബി.ജെ.പി ഉണ്ടാക്കിയ സഖ്യം വലിയ ചര്‍ച്ചയായിരുന്നു. ആദിവാസി സീറ്റുകളില്‍ പകുതിയെങ്കിലും ബി.ജെ.പി ഐപി.എഫ്.ടി സഖ്യത്തിലേക്ക് പോകാനും ഇടയുണ്ട്.  ഇതോടൊപ്പം നഗരപ്രദേശങ്ങളിലും ബി.ജെ.പിക്ക് മേല്‍കൈ കിട്ടിയേക്കുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

60 അംഗ നിയമസഭയില്‍ 59 സീറ്റിലേക്കാണ് കഴിഞ്ഞ 18ന് വോട്ടെടുപ്പ് നടന്നത്. 76 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.  ബി.ജെ.പിയുടെ വോട്ടുവിഹിതം 2013ലെ ഒന്നര ശതമാനത്തില്‍ നിന്ന് 45 ശതമാനത്തിലേക്ക് ഉയരാനുള്ള സാധ്യതയും സര്‍വേകള്‍ നല്‍കിയിരുന്നു. 36 ശതമാനത്തോളമുള്ള കോണ്‍ഗ്രസിന്റെ വോട്ട് ഏതാണ്ട് പൂര്‍ണമായി തന്നെ ബി.ജെ.പിക്കും മറ്റ് പാര്‍ടികളിലേക്കുമായി പോകാനും സാധ്യതയുണ്ട്. 34 ശതമാനം വരുന്ന ആദിവാസി വോട്ടും 10 ശതമാനത്തോളം വരുന്ന പിന്നോക്ക സമുദായ വോട്ടും ത്രിപുരയിലെ രാഷ്ട്രീയത്തില്‍ ഇത്തവണ നിര്‍ണായകമാകും.

അതേസമയം പരമ്പരാഗത ബംഗാളി വിഭാഗ വോട്ടും ആദിവാസിപിന്നോക്ക വോട്ടുകളും ചതിക്കില്ലെന്ന ഉറച്ച പ്രതീക്ഷയിലാണ് സിപിഎം മുന്നോട്ടുപോകുന്നത്. ബംഗാളില്‍ ഇടതുപക്ഷത്തിന് അധികാരം നഷ്ടപ്പെട്ടതുപോലൊരു സാഹചര്യം ത്രിപുരയില്‍ ഉണ്ടായിട്ടില്ല. നാല് തവണ മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാര്‍ തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് സംസ്ഥാനത്തെ 60 ശതമാനത്തോളം ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ഏതാണ്ട് എല്ലാ സര്‍വ്വേകളും പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com