ബിജെപിക്ക് തോല്‍വി ഭയമോ?; ലോക്‌സഭ തെരഞ്ഞെടുപ്പ് നേരത്തേയാക്കാന്‍ ചര്‍ച്ചകള്‍ സജീവം 

ലോകസഭ തെരഞ്ഞെടുപ്പ് നേരത്തയാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.
ബിജെപിക്ക് തോല്‍വി ഭയമോ?; ലോക്‌സഭ തെരഞ്ഞെടുപ്പ് നേരത്തേയാക്കാന്‍ ചര്‍ച്ചകള്‍ സജീവം 

ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പ് നേരത്തയാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഈവര്‍ഷമൊടുവില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന സംസ്ഥാന നിയമസഭകള്‍ക്കൊപ്പം ലോക്‌സഭയിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാധ്യതകളാണ് ആരായുന്നത്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞയാഴ്ച ചേര്‍ന്ന ഉന്നതതലയോഗം ഇതിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ചചെയ്തുവെന്നാണ് വിവരം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ അനൗദ്യോഗിക യോഗത്തില്‍ പങ്കെടുത്തിരുന്നു. ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടു വെച്ചിട്ടുണ്ടെന്നും അറിയുന്നു. 

ഓഗസ്‌റ്റോടെ എല്ലാ ഒരുക്കവും പൂര്‍ത്തിയായാലേ ഡിസംബറില്‍ മൂന്ന് സംസ്ഥാനങ്ങളോടൊപ്പം ലോക്‌സഭയിലേക്കും തെരഞ്ഞെടുപ്പ് നടത്താനാവൂ എന്നാണ് കമ്മിഷന്റെ പക്ഷം. പുതുതായി വാങ്ങാന്‍ നിശ്ചയിച്ച 'വിവിപാറ്റ്' വോട്ടിങ് യന്ത്രത്തിന്റെ ലഭ്യതയാണ് പ്രധാന തടസ്സം. അടുത്ത തിരഞ്ഞെടുപ്പില്‍ എല്ലായിടത്തും ഇത്തരം യന്ത്രമുപയോഗിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. 

ലോക്‌സഭാ തിരഞ്ഞെടുപ്പിനുമാത്രം 16 ലക്ഷത്തോളം പുതിയ യന്ത്രങ്ങള്‍ വേണം. മറ്റു നിയമസഭകളിലേക്കും ഇതോടൊപ്പം വോട്ടെടുപ്പുനടത്താന്‍ കൂടുതല്‍ യന്ത്രങ്ങള്‍ ആവശ്യമാണ്. അവ സമയത്തിന് ലഭിക്കില്ല. കാലാവധി കഴിഞ്ഞതിനാല്‍ പഴയ യന്ത്രങ്ങള്‍ ഉപയോഗിക്കാനുമാവില്ല. 

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് ഇക്കൊല്ലം ഒടുവില്‍ തെരഞ്ഞെടുപ്പുനടക്കേണ്ടത്. ഇവിടങ്ങളില്‍ ബിജെപിക്ക് കനത്ത തിരച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്.രാജസ്ഥാനിലും മധ്യപ്രദേശിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമാണ് സൃഷ്ടിച്ചത്. ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് വീണ്ടും ശക്തിപ്രാപിക്കുകയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലും ബിജെപിക്ക് തിളക്കമാര്‍ന്ന വിജയം കൈവരിക്കാന്‍ സാധിച്ചില്ല. 

ഈ സംസ്ഥാനങ്ങളില്‍ അധികാരം നിലനിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചില്ലെങ്കില്‍ സ്വാഭാവികമായും അടുത്ത മേയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അത് പ്രതിഫലിക്കും. അത് മറികടക്കാനാണ് ഇത്തരമൊരു നീക്കം എന്ന് ബിജെപി വൃത്തങ്ങളില്‍ നിന്ന് അറിയുന്നു. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കിയാല്‍ മോദി പ്രവഭാവം കൊണ്ട് വിജയിച്ചു കയറാം എന്നാണ് ബിജെപിയുടെ പ്രതീക്ഷ. 

രാജ്യത്ത് ഉയര്‍ന്നുവരുന്ന ഭരണവിരുദ്ധ വികാരം മുതലാക്കി കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ബിജെപിക്കെതിരെ ശക്തമായി രംഗത്തുണ്ട്. ബാങ്ക് തട്ടിപ്പ്, അമിത് ഷായുടെ മകന്റെ സ്വത്ത് വര്‍ധന വിവാദം,കര്‍ഷക പ്രക്ഷോഭം, വില വര്‍ധനവ് തുടങ്ങി നിരവധി വിഷയങ്ങള്‍ കാരണം സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റിട്ടുണ്ട് എന്നാണ്ബിജെപിയുടെ സ്വയം വിലയിരുത്തല്‍. 

ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതിയും പിന്നീട് പ്രധാനമന്ത്രിയും ഈ നിലപാട് പരസ്യമാക്കിയിരുന്നു. എന്നാല്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത് അംഗീകരിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com