സ്വകാര്യകമ്പനിക്ക് വന്‍തുക നല്‍കാനാകില്ലെന്ന് പ്രസാര്‍ഭാരതി;ജീവനക്കാരുടെ ശമ്പളം തടഞ്ഞ് കേന്ദ്രത്തിന്റെ പ്രതികാരം

പ്രസാര്‍ഭാരതിയുടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ നീക്കിവെച്ചിരുന്ന ഫണ്ട് തടഞ്ഞുവെച്ച കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനിയുടെ നടപടി വിവാദമാകുന്നു.
സ്വകാര്യകമ്പനിക്ക് വന്‍തുക നല്‍കാനാകില്ലെന്ന് പ്രസാര്‍ഭാരതി;ജീവനക്കാരുടെ ശമ്പളം തടഞ്ഞ് കേന്ദ്രത്തിന്റെ പ്രതികാരം

ന്യൂഡല്‍ഹി: പ്രസാര്‍ഭാരതിയുടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ നീക്കിവെച്ചിരുന്ന ഫണ്ട് തടഞ്ഞുവെച്ച കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനിയുടെ നടപടി വിവാദമാകുന്നു. ഡിസംബര്‍ മുതലുളള ഫണ്ട് മന്ത്രി തടഞ്ഞുവെച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ അടിയന്തരാവശ്യങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്ന കണ്ടിജെന്‍സി ഫണ്ടില്‍ നിന്നും പണം കണ്ടെത്താന്‍ പ്രസാര്‍ഭാരതി നിര്‍ബന്ധിതരായിരിക്കുകയാണ്.

5000 ജീവനക്കാരാണ് സ്വയംഭരണ സ്ഥാപനമായ പ്രസാര്‍ഭാരതിയുടെ കീഴില്‍ ജോലിചെയ്യുന്നത്. കേന്ദ്രബജറ്റില്‍ പ്രസാര്‍ഭാരതിയ്ക്കായി അനുവദിച്ച ഫണ്ട് വാര്‍ത്താവിതരണ മന്ത്രാലയം വഴി മാസംതോറുമാണ് വിതരണം ചെയ്യുന്നത്. ഇതാണ് പ്രസാര്‍ഭാരതിയുമായുളള തര്‍ക്കത്തിന്റെ പേരില്‍ മന്ത്രി പിടിച്ചുവെച്ചിരിക്കുന്നത്.

2017ലെ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്റെ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട് സ്വകാര്യകമ്പനിക്ക് 2.92 കോടി രൂപ നല്‍കണമെന്ന വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ നിര്‍ദേശം പ്രസാര്‍ഭാരതി തളളിയിരുന്നു. ദൂര്‍ദര്‍ശന്‍ ഉളളപ്പോള്‍ അതിന്റെ ആവശ്യമില്ലെന്ന് ചൂണ്ടികാണിച്ചായിരുന്നു പ്രസാര്‍ഭാരതിയുടെ നടപടി. പിന്നാലെ പ്രസാര്‍ഭാരതിയ്ക്ക് താങ്ങാവുന്നതിലും ഉയര്‍ന്ന ശമ്പളത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരെ നിയമിക്കാനുളള വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ മറ്റൊരു നിര്‍ദേശവും പ്രസാര്‍ഭാരതി തളളിയതും തര്‍ക്കം മൂര്‍ച്ഛിക്കാന്‍ ഇടയാക്കി. ഈ പശ്ചാത്തലത്തിലാണ് ഫണ്ട് തടഞ്ഞുവെച്ചുകൊണ്ടുളള വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ പ്രതികാരനടപടിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com