കോണ്‍ഗ്രസ് ബന്ധം; കേന്ദ്രകമ്മിറ്റി തീരുമാനം തിരുത്തിക്കാന്‍ സമ്മര്‍ദം ചെലുത്താന്‍ ബംഗാള്‍ഘടകത്തിന് യെച്ചൂരിയുടെ നിര്‍ദേശം

കോണ്‍ഗ്രസുമായുളള ബന്ധം പാടേ തളളിയ സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനം നിലനില്‍ക്കേ, കോണ്‍ഗ്രസുമായുളള ബന്ധത്തിന്റെ ആവശ്യകത വീണ്ടും ഓര്‍മ്മപ്പെടുത്തി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
കോണ്‍ഗ്രസ് ബന്ധം; കേന്ദ്രകമ്മിറ്റി തീരുമാനം തിരുത്തിക്കാന്‍ സമ്മര്‍ദം ചെലുത്താന്‍ ബംഗാള്‍ഘടകത്തിന് യെച്ചൂരിയുടെ നിര്‍ദേശം

കൊല്‍ക്കത്ത: കോണ്‍ഗ്രസുമായുളള ബന്ധം പാടേ തളളിയ സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനം നിലനില്‍ക്കേ, കോണ്‍ഗ്രസുമായുളള ബന്ധത്തിന്റെ ആവശ്യകത വീണ്ടും ഓര്‍മ്മപ്പെടുത്തി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണ വേണ്ടയെന്ന കേന്ദ്രകമ്മിറ്റി തീരുമാനം തിരുത്തിക്കാന്‍ ശക്തമായ സമ്മര്‍ദം വേണ്ടിവരുമെന്ന് പശ്ചിമബംഗാള്‍ നേതാക്കളോട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഓര്‍മ്മിപ്പിച്ചു. അന്തരിച്ച മുന്‍ പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് അമീന്റെ അനുസ്മരണചടങ്ങില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയിലെത്തിയപ്പോഴാണ് യെച്ചൂരിയും ബംഗാള്‍ നേതാക്കളുമായി വിശദമായ ചര്‍ച്ച നടന്നത്.

ബംഗാള്‍ ഘടകത്തിന്റെ എതിര്‍പ്പിന്റെ വ്യാപ്തി ബോധ്യപ്പെടുത്തുന്ന വിധത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പരമാവധി ഭേദഗതികള്‍ അയയ്ക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചതായാണ് വിവരം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെയും ഏതാനും കേന്ദ്രകമ്മിറ്റി അംഗങ്ങളെയുമാണ് യെച്ചൂരി തന്റെ നിലപാടറിയിച്ചത്. കോണ്‍ഗ്രസ് ബന്ധം പാടേ ഒഴിവാക്കാന്‍ കേരളഘടകം കച്ചകെട്ടിയിറങ്ങിയതിലെ അതൃപ്തി ബംഗാള്‍ നേതാക്കള്‍ പങ്കുവെച്ചപ്പോഴാണ് ഭേദഗതികളുടെ കാര്യം യെച്ചൂരി എടുത്തിട്ടതെന്ന് മാത്യഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യസഭയിലും നിയമസഭകളിലുമുളള നാമമാത്രമായ പ്രാതിനിധ്യമടക്കം സിപിഎമ്മിന്റെ ശേഷി ചോര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസുമായുളള സഹകരണം തളളുന്നത് കൂടുതല്‍ നഷ്ടത്തിന് ഇടയാക്കുമെന്നാണ് ബംഗാള്‍ ഘടകം ഉന്നയിക്കാന്‍ പോകുന്ന പ്രധാനവാദം. ഇതിന് മൂര്‍ച്ച പകരാന്‍ ദേശീയതലത്തില്‍ പാര്‍ട്ടിയുടെ ദുര്‍ബലാവസ്ഥയുടെ സ്ഥിതിവിവരകണക്ക് ഇവര്‍ യെച്ചൂരിയില്‍ നിന്ന് ശേഖരിച്ചിട്ടുണ്ട്. 

ഇതുകൂടാതെ  സിപിഎം പശ്ചിമബംഗാള്‍ സംസ്ഥാന സമ്മേളനത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ സാന്നിധ്യത്തില്‍ അദ്ദേഹത്തെ മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നവിധം സമ്മേളനപ്രതിനിധികള്‍ സംസാരിക്കാനും ധാരണയായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com