ത്രിപുരയെ ഇനി സ്വയംസേവകന്‍ ഭരിക്കും; ബിപ്ലബ് കുമാര്‍ ദേബ് മുഖ്യമന്ത്രി പദത്തിലേക്ക് 

ത്രിപുരയെ ഇനി സ്വയംസേവകന്‍ ഭരിക്കും; ബിപ്ലബ് കുമാര്‍ ദേബ് മുഖ്യമന്ത്രി പദത്തിലേക്ക് 

അഗര്‍ത്തല:  മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലേറുമെന്ന് ഉറപ്പായ പശ്ചാത്തലത്തില്‍  അടുത്ത മുഖ്യമന്ത്രി ആര് എന്ന  ചോദ്യവും വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുകഴിഞ്ഞു.  ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സംസ്ഥാന പ്രസിഡന്റ ബിപ്ലബ് കുമാര്‍ ദേബിനെ മുഖ്യമന്ത്രിയാക്കാനുളള നീക്കം പാര്‍ട്ടിയുടെ അണിയറയില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.ബാണമാലിപൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നാണ് ബിപ്ലബ് കുമാര്‍ ദേബ് ജനവിധി തേടിയത്.

കാല്‍നൂറ്റാണ്ട് നീണ്ടുനിന്ന സിപിഎം ഭരണത്തിന് അറുതി വരുത്തി ബിജെപിയെ അധികാരത്തിലേറ്റുന്നതില്‍ നിര്‍ണായ പങ്കാണ് ബിപ്ലബ് കുമാര്‍ വഹിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തെ ബിജെപിയുടെ ചിട്ടയായ പ്രവര്‍ത്തനം ഇതിന് ഉദാഹരണമായി ചൂണ്ടികാണിക്കുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന അഭിപ്രായ സര്‍വ്വേയില്‍ നിലവിലെ മുഖ്യമന്ത്രി മണിക് സര്‍ക്കാരിനേക്കാള്‍  ജനപ്രീതി നേടാന്‍ ബിപ്ലബ് കുമാര്‍ ദേബിന് കഴിഞ്ഞത് പാര്‍ട്ടി അധികാരത്തിലേറുമെന്നതിന്റെ സൂചനയായിരുന്നുവെന്നും ബിജെപി നേതൃത്വം ചൂണ്ടികാണിക്കുന്നു. 

മികച്ച സംഘാടകനായി അറിയപ്പെടുന്ന  ബിപ്ലബ് കുമാര്‍ ആര്‍എസ്എസിന്റെ ശിക്ഷണത്തില്‍ ഉയര്‍ന്നു വന്ന നേതാവാണ്. ബിജെപിയുമായും ആര്‍എസ്എസുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഈ 48 കാരന്‍ സംഘടനയ്ക്കുളളിലും പുറത്തും മികച്ച പ്രതിച്ഛായയുളള നേതാവാണെന്ന് നേതൃത്വം വിലയിരുത്തുന്നു.

ആര്‍എസ്എസ് സ്വയംസേവകനായിരുന്ന ബിപ്ലബ് കുമാര്‍ 15 വര്‍ഷം മുന്‍പ് ഉന്നത പഠനം ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ ചേക്കേറി. ജിം പരിശീലകവൃത്തിയില്‍ വൈദഗ്ധ്യം നേടിയ യുവനേതാവ്, ആര്‍എസ്എസില്‍ ത്രിപുരയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്കുവഹിച്ച സുനില്‍ ദിയോധറിന്റെ ശിക്ഷ്യനായിരുന്നു. ആര്‍എസ്എസിലെ പ്രമുഖ ആചാര്യനായ കെ എന്‍ ഗോവിന്ദാചാര്യയെയാണ് ബിപ്ലബ് കുമാര്‍ ദേബ് മാര്‍ഗദര്‍ശിയായി കണ്ടിരുന്നത്. 

മികച്ച സംഘാടകന്‍ എന്ന നിലയില്‍ പേരെടുത്ത ബിപ്ലബ് കുമാര്‍ ദേബിനെ പാര്‍ട്ടി വളര്‍ത്താനായി ത്രിപുരയിലേക്ക് അയച്ചതിലും ബിജെപിക്ക് വ്യക്തമായ ആസൂത്രണം ഉണ്ടായിരുന്നു. പ്രാദശിക മുഖം എന്ന പ്ലസ് പോയിന്റാണ് ത്രിപുരയില്‍ താമര വിരിയ്ക്കാനുളള ബിജെപിയുടെ തന്ത്രത്തിന് ചുക്കാന്‍ പിടിക്കാന്‍ ബിപ്ലബ് കുമാറിനെ തെരഞ്ഞെടുക്കാനുളള മുഖ്യ കാരണം. ഇതിന് പുറമേ ചെങ്കോട്ടയില്‍ വിളളല്‍ വീഴ്ത്താന്‍ നിയോഗിക്കപ്പെട്ട ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാംമാധവ്, ഹിമന്ദ ബിസ്വ ശര്‍മ്മ അടക്കമുളള പ്രമുഖ നേതാക്കളുമായി അടുത്തിടപഴകാന്‍ സാധിച്ചതും ബിപ്ലബ് കുമാര്‍ എന്ന നേതാവിനെ പരുവപ്പെടുത്താന്‍ സഹായകമായതായി നേതൃത്വം വിലയിരുത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com