ബിജെപിയുടെ 'ചലോ പാല്‍ട്ടാ'യ്‌ക്കൊപ്പം ത്രിപുര ; വിപ്ലവമണ്ണില്‍ താമര വിരിഞ്ഞത് മോദിയുടെ ആസൂത്രണ മികവ്

ബിജെപിയുടെ ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിച്ചത് മൂന്നംഗ സംഘമാണ്
ബിജെപിയുടെ 'ചലോ പാല്‍ട്ടാ'യ്‌ക്കൊപ്പം ത്രിപുര ; വിപ്ലവമണ്ണില്‍ താമര വിരിഞ്ഞത് മോദിയുടെ ആസൂത്രണ മികവ്

അഗര്‍ത്തല : ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ചരിത്ര വിജയം കൈപ്പിടിയിലൊതുക്കി സംസ്ഥാനം ഭരണം നേടിയിരിക്കുകയാണ് ബിജെപി. വര്‍ഷങ്ങള്‍ക്ക് മുമ്പേ മുതല്‍ നടത്തിയ കൃത്യമായ ആസൂത്രണത്തിന്റെ ഫലം കൂടിയാണ് ബിജെപിയുടെ നേട്ടം. കാല്‍നൂറ്റാണ്ടായി സിപിഎമ്മിന്റെ കീഴിലുള്ള ചുവന്ന മണ്ണില്‍ താമര വിരിയിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും തുടക്കം മുതലേ. ആര്‍എസ്എസിന്റെ ത്രിപുര പ്രഭാരി സുനില്‍ ദേവ്ധര്‍, നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് കണ്‍വീനര്‍ ഹിമന്ത ബിശ്വ ശര്‍മ്മ, സംസ്ഥാന അധ്യക്ഷന്‍ ബിപ്ലവ് കുമാര്‍ ദേബ് എന്നീ മൂന്നംഗ സംഘത്തെയാണ് ത്രിപുര പിടിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം നിയോഗിച്ചത്. 

എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന്, കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 52 മന്ത്രിമാരാണ് ത്രിപുരയില്‍ എത്തിയതെന്നത് ബിജെപിയുടെ ആസൂത്രണം വ്യക്തമാക്കുന്നു. രണ്ടാഴ്ച കൂടുമ്പോള്‍ ഓരോ കേന്ദ്രമന്ത്രിമാര്‍ വീതം ത്രിപുരയില്‍ പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മോദി തന്നെ പലതവണ സംസ്ഥാനത്തെത്തി, പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുകയും ചെയ്തു. 

സാക്ഷരതാ മികവും ആരോഗ്യരംഗത്തെ മുന്നേറ്റവും ക്ഷേമ പദ്ധതികളുമെല്ലാം ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങളായി സിപിഎം ഉയര്‍ത്തിക്കാട്ടിയിരുന്നു. അതേസമയം സംസ്ഥാനത്തെ വികസന മുരടിപ്പ് പ്രധാന പ്രചരണ ആയുധമാക്കാനായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ നിര്‍ദേശം. 'ചലോ പാല്‍ട്ടായ്' എന്നതായിരുന്നു ബിജെപി ഇത്തവണ ഉയര്‍ത്തിയ മുദ്രാവാക്യം. 'നമുക്കു മാറാം' എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. തൊഴിലില്ലായ്മയില്‍ അസംതൃപ്തരായ യുവജനങ്ങളെ ബിജെപി നോട്ടമിട്ടു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയും, സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണവും ബിജെപി യുവാക്കള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാന്‍ വിനിയോഗിച്ചു. 

തെരഞ്ഞെടുപ്പ് ലക്ഷ്യം മുന്നില്‍ കണ്ട് ത്രിപുരയെ വിഭജിച്ച് പ്രത്യേക ഗോത്രവര്‍ഗ സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ഇന്‍ഡിജിനസ് പീപ്പിള്‍ ഫ്രണ്ട് ഓഫ് ത്രിപുരയുമായി കൈകോര്‍ത്തു. ത്രിപുരയിലെ ഏറ്റവും വലിയ ഗോത്ര വര്‍ഗ സംഘടനയാണിത്. കഴിഞ്ഞ ജൂലായില്‍ ത്രിപുരയില്‍ നടന്ന പത്തുദിവസം നീണ്ട ഉപരോധ സമരത്തിന് ബിജെപി പിന്തുണ നല്‍കിയതും ബിജെപിക്ക് ഗുണമായി. കൂടാതെ കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ കൂട്ടത്തോടെ കാവി പാളയത്തിലേക്ക് ചേക്കേറിയതും ബിജെപിയുടെ കുതിപ്പിന് ഊര്‍ജ്ജം പകര്‍ന്നതായാണ് വിലയിരുത്തല്‍. അതേസമയം വിഘടനവാദം ഉയര്‍ത്തുന്ന ഐപിഎഫ്ടി ഭാവിയില്‍ എത്തരത്തിലാകും പ്രവര്‍ത്തിക്കുക എന്നത് സംസ്ഥാനത്തിനും ബിജെപിക്കും നിര്‍ണായകമാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com