ഹോളി ആഘോഷത്തിനിടെ രാജസ്ഥാനില്‍ ദലിത് യുവാവിനെ മര്‍ദിച്ചുകൊന്നു

രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലെ ഭീവാഡി ഗ്രാമത്തിലാണ് സംഭവം. 16 വയസ്സുള്ള നീരജ് ജാദവാണ് കൊല്ലപ്പെട്ടത്
ഹോളി ആഘോഷത്തിനിടെ രാജസ്ഥാനില്‍ ദലിത് യുവാവിനെ മര്‍ദിച്ചുകൊന്നു


ജയ്പുര്‍ :  ഹോളി ആഘോഷത്തിനിടെ രാജസ്ഥാനില്‍ ദലിത് യുവാവിനെ ഒരു സംഘം മര്‍ദിച്ചു കൊലപ്പെടുത്തി. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലെ ഭീവാഡി ഗ്രാമത്തിലാണ് സംഭവം. 16 വയസ്സുള്ള നീരജ് ജാദവാണ് കൊല്ലപ്പെട്ടത്. ഹോളി ആഘോഷിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. 

രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഹോളി ആഘോഷിക്കുകയായിരുന്നു ഇവര്‍. ഇതിനിടെ കളര്‍ പൂശുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് ഭീവാഡി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് പുഷ്‌പേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു. ഒരേ ഗ്രാമവാസികളും, സമപ്രായക്കാരുമാണ് ഹോളി ആഘേഷിച്ചതെന്നും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതായി സോളങ്കി സൂചിപ്പിച്ചു. 

നീരജ് ജാദവിനെ വടികള്‍ ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. ഗുരുതരമായി പരുക്കേറ്റ ജാദവിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചതായി പുഷ്‌പേന്ദ്ര സോളങ്കി പറഞ്ഞു. രോഷാകുലരായ ജാദവിന്റെ കുടുംബാംഗങ്ങള്‍ ആശുപത്രി അടിച്ചുതകര്‍ത്തു. മൂന്നോ നാലോ പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും, പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും പുഷ്‌പേന്ദ്ര സോളങ്കി അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com