ഗോവയിലും മണിപ്പൂരിലും വിജയിച്ചു; മേഘാലയയില്‍ ബിജെപിക്ക് ഈ തന്ത്രം ആവര്‍ത്തിക്കാന്‍ കഴിയുമോ?

നാഗാലാന്‍ഡിന് പിന്നാലെ മേഘാലയയിലും ഭരണം പിടിക്കാന്‍ ബിജെപി തന്ത്രം പയറ്റുന്നു
ഗോവയിലും മണിപ്പൂരിലും വിജയിച്ചു; മേഘാലയയില്‍ ബിജെപിക്ക് ഈ തന്ത്രം ആവര്‍ത്തിക്കാന്‍ കഴിയുമോ?

ന്യൂഡല്‍ഹി: നാഗാലാന്‍ഡിന് പിന്നാലെ മേഘാലയയിലും ഭരണം പിടിക്കാന്‍ ബിജെപി തന്ത്രം പയറ്റുന്നു. മേഘാലയ തെരഞ്ഞെടുപ്പില്‍  ബിജെപിക്ക് വലിയ തിരിച്ചടി നേരിട്ടിട്ടും മറ്റു പ്രാദേശിക പാര്‍ട്ടികളെ കൂടെകൂട്ടി ഭരണം പിടിക്കാനുളള തന്ത്രങ്ങളാണ് ബിജെപി മെനയുന്നത്. അതേസമയം വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന സൂചനയാണ് കോണ്‍ഗ്രസ് നല്‍കുന്നത്. ഗോവയിലും മണിപ്പൂരിലും സംഭവിച്ച വീഴ്ചകളില്‍ നിന്നും പാഠം ഉള്‍കൊണ്ട് ഭരണം പിടിക്കാനുളള ശ്രമമാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസ് നടത്തുന്നത്. 

കോണ്‍ഗ്രസിന് തൊട്ടുപിന്നില്‍ നില്‍ക്കുന്ന നാഷണലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടിയെ മുന്നില്‍ നിര്‍ത്തി സര്‍ക്കാര്‍ രൂപികരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. 19 സീറ്റുകളിലാണ് എന്‍പിപി ജയിച്ചത്. എന്‍പിപിയുടെ നേതാവ് കോണ്‍റാഡ് സാങ്മയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപികരിക്കാനാണ് ബിജെപി ശ്രമം നടത്തുന്നത്. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കോണ്‍റാഡ് സാങ്മയുടെ സഹോദരി ആഗത സാങ്മയും മത്സരരംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇതിന് പുറമേ ബിജെപിയുടെ നേതൃത്വത്തിലുളള നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സിലെ ഘടകകക്ഷിയായ യൂണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയെയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയെയും തുന്നിച്ചേര്‍ത്ത് സര്‍ക്കാര്‍ രൂപികരിക്കാന്‍ കഴിയുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ആറിടത്ത് യൂണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചെങ്കില്‍, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നാലു സീറ്റുകളാണ് സ്വന്തമാക്കിയത്. ഇതൊടൊപ്പം തങ്ങള്‍ നേടിയ രണ്ടു സീറ്റുകളും ചേര്‍ത്ത് ഭരിക്കാനുളള ഭൂരിപക്ഷം നേടിയെടുക്കാനുളള നീക്കങ്ങളാണ് ബിജെപി പയറ്റുന്നത്.

എന്നാല്‍ കോണ്‍ഗ്രസും വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടിരുന്നു. ഇത് വീണ്ടും സംഭവിക്കരുതെന്ന കണക്കുകൂട്ടലില്‍ മറ്റു പ്രാദേശിക പാര്‍ട്ടികളുമായി മുകുള്‍ സാംഗ്മയുടെ നേതൃത്വത്തില്‍ തിരക്കിട്ട ചര്‍ച്ചകളും നടക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com