കര്‍ഷകര്‍ക്ക് പിഴയിടുന്ന ഉദ്യോഗസ്ഥരെ മരത്തില്‍ കെട്ടിയിടാന്‍ ബിജെപി എംഎല്‍എയുടെ ആഹ്വാനം; പ്രതിരോധത്തിലായി വസുന്ധരരാജ സിന്ധ്യ സര്‍ക്കാര്‍

കര്‍ഷകര്‍ക്ക് പിഴ ചുമത്തുന്ന വൈദ്യൂതി വിതരണ കമ്പനി ഉദ്യോഗസ്ഥരെ മരത്തില്‍ കെട്ടിയിടാന്‍ രാജസ്ഥാന്‍ ബിജെപി എംഎല്‍എയുടെ ആഹ്വാനം.
കര്‍ഷകര്‍ക്ക് പിഴയിടുന്ന ഉദ്യോഗസ്ഥരെ മരത്തില്‍ കെട്ടിയിടാന്‍ ബിജെപി എംഎല്‍എയുടെ ആഹ്വാനം; പ്രതിരോധത്തിലായി വസുന്ധരരാജ സിന്ധ്യ സര്‍ക്കാര്‍

ജയ്പൂര്‍:  കര്‍ഷകര്‍ക്ക് പിഴ ചുമത്തുന്ന വൈദ്യൂതി വിതരണ കമ്പനി ഉദ്യോഗസ്ഥരെ മരത്തില്‍ കെട്ടിയിടാന്‍ രാജസ്ഥാന്‍ ബിജെപി എംഎല്‍എയുടെ ആഹ്വാനം. പാവങ്ങളെ പിഴിയുകയും പണക്കാര്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കുന്നവരുമാണ് വൈദ്യൂതി വിതരണ ഉദ്യോഗസ്ഥരെന്ന് ആരോപിച്ച് ലാഡ്പുര എംഎല്‍എ ഭവാനി സിങ് രാജാവതാണ് ബിജെപി പ്രവര്‍ത്തകരോട് ഇക്കാര്യം ആവശ്യപ്പെട്ടത്.വൈദ്യൂതി മോഷണം, അമിതമായ വൈദ്യൂതി ഉപയോഗം എന്നിവയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ കര്‍ഷകരെ ദ്രോഹിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം വൈദ്യൂതി ബോര്‍ഡിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ചുവരുന്ന വസുന്ധരരാജ സിന്ധ്യ സര്‍ക്കാരിനെ ഭരണപക്ഷ എംഎല്‍എയുടെ ആഹ്വാനം പ്രതിരോധത്തിലാക്കി. എന്നാല്‍ വിവാദ പരാമര്‍ശം തിരുത്താന്‍ തയ്യാറാവാതിരുന്ന എംഎല്‍എ, വൈദ്യൂതി വിതരണ കമ്പനി ഉദ്യോഗസ്ഥരുടെ വ്യവസായികളോടുളള വിധേയത്വം ആവര്‍ത്തിക്കുകയും ചെയ്തു. നാലു ബള്‍ബ് ഉപയോഗിക്കുന്ന കര്‍ഷകര്‍ക്ക് അമിത വൈദ്യൂതി ഉപയോഗം എന്ന പേരില്‍ ഒരു ലക്ഷം രൂപ വരെ ഉദ്യോഗസ്ഥര്‍ പിഴയിടുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

രാജ്യത്ത് വൈദ്യൂതി വിതരണ രംഗത്ത് ഏറ്റവുമധികം നഷ്ടം ഉണ്ടാക്കുന്ന വൈദ്യൂതി വിതരണ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് രാജസ്ഥാനിലാണ്. വൈദ്യൂതി മോഷണം പതിവായ സംസ്ഥാനത്ത് ഈ നഷ്ടത്തിന്റെ 40 ശതമാനവും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നഷ്ടം നികത്താന്‍ നടപടികള്‍ സ്വീകരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ഭരണപക്ഷ എംഎല്‍എ തന്നെ സര്‍ക്കാരിനെതിരെ രംഗത്തുവന്നത് ബിജെപിക്ക് തലവേദനയാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com