പാര്‍ലമെന്റില്‍ മയില്‍പ്പീലിവെച്ച് ഓടക്കുഴലൂതി, കൃഷ്ണവേഷം കെട്ടി എംപിയുടെ വിചിത്രസമരം

ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ചിറ്റൂര്‍ എംപിയുടെ വിചിത്ര സമരം
പാര്‍ലമെന്റില്‍ മയില്‍പ്പീലിവെച്ച് ഓടക്കുഴലൂതി, കൃഷ്ണവേഷം കെട്ടി എംപിയുടെ വിചിത്രസമരം

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ചിറ്റൂര്‍ എംപിയുടെ വിചിത്ര സമരം. മയില്‍പ്പീലി കിരീടവും ഓടക്കുഴലുമായി കൃഷ്ണവേഷം കെട്ടിയാണ് ചിറ്റൂര്‍ എംപി നരമല്ലി ശിവപ്രസാദ് തിങ്കളാഴ്ച പാര്‍ലമെന്റില്‍ എത്തിയത്. മന്ത്രം ചൊല്ലിയും ഓടക്കുഴലൂതിയും പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ നില്‍ക്കുന്ന എംപിയെ കാഴ്ചക്കാര്‍ അത്ഭുതത്തോടെയും കൗതുകത്തോടെയും നോക്കിനിന്നു.  കൗരവരുടെയും പാണ്ഡവരുടെയും ഇടയില്‍ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു കണിയായി നില്‍ക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്ന സന്ദേശം നല്‍കുകയാണ് എംപി ഈ വിചിത്ര സമരരീതിയിലുടെ ഉദേശിച്ചത്. ബജറ്റ് സമ്മേളനം നടക്കുന്ന ദിവസമാണ് പാര്‍ലമെന്റില്‍ ഇത്തരം ഒരു സമരം അരങ്ങറിയത്. 

ശിവപ്രസാദ് ഇത്തരം സമരരീതികളിലൂടെ വാര്‍ത്തകളില്‍ നിറയുന്നത് ഇത് ആദ്യമല്ല. മുന്‍പും പലതവണ തന്റെ ആവശ്യങ്ങളും പ്രതിഷേധങ്ങളും അറിയിക്കുന്നതിന് നാടകീയമായ സമരരീതികള്‍ അദ്ദേഹം നടപ്പാക്കിയിട്ടുണ്ട്. മന്ത്രവാദിയുടെ വേഷം അണിഞ്ഞ് മന്ത്രങ്ങള്‍ ചൊല്ലിയാണ് ബജറ്റ് സേേമ്മളനത്തിന്റെ ആദ്യപകുതിയുടെ അവസാനദിനത്തില്‍ എംപി പാര്‍ലമെന്റില്‍ പ്രതിഷേധിച്ചത്. 

ആന്ധ്രയിലെ ഗ്രാമീണ കലാരൂപമായ 'ബുരകഥാ'കാരന്റെ വേഷത്തില്‍ കൈയ്യിലൊരു വീണയുമായി 2016ല്‍ അദ്ദേഹം തിരുപ്പതിയില്‍ ഒരു പ്രതിഷേധം നടത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ടുനിരോധനത്തിനെതിരെയായിരുന്നു ഈ സമരം.

ഒരു വശത്ത് നിലവിളിക്കുന്ന കര്‍ഷകരുടെയും മറുവശത്ത് സമ്പന്നരായ കച്ചവടക്കാരുടെയും പ്രിന്റ് ചെയ്ത ഷര്‍ട്ട് ധരിച്ചാണ് 2016ല്‍ അദ്ദേഹം പാര്‍ലമെന്റില്‍ എത്തിയത്. ആന്ധ്രയിലെ കര്‍ഷകരുടെ കടം എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ സമരം. 2014ല്‍ ഒരു നാടോടി ഗായകന്റെ വേഷത്തിലും മറ്റൊരിക്കല്‍ പാമ്പാട്ടിയുടെ വേഷത്തിലും ശിവപ്രസാദ് സമരം നടത്തിയിട്ടുണ്ട്.

ആന്ധ്ര സിനിമകളില്‍ അഭിനയിക്കുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിട്ടുള്ള നടന്‍ കൂടിയാണ് ശിവപ്രസാദ്. 'ദംഗ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച വില്ലനുള്ള പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com