ത്രിപുരയില്‍ പാഠ്യപദ്ധതിയില്‍ അടക്കം സമൂലമാറ്റത്തിന് ബിജെപി 

പാഠ്യ പദ്ധതി മാത്രമല്ല, റോഡുകളുടെ പേരുകള്‍ അടക്കമുള്ളവയും മാറ്റാന്‍ ബിജെപി പദ്ധതിയിടുന്നു
ത്രിപുരയില്‍ പാഠ്യപദ്ധതിയില്‍ അടക്കം സമൂലമാറ്റത്തിന് ബിജെപി 

അഗര്‍ത്തല : ത്രിപുരയില്‍ ചരിത്ര വിജയം നേടി അധികാരത്തിലേറുന്ന ബിജെപി, പാഠ്യപദ്ധതിയില്‍ അടക്കം സമൂലമാറ്റത്തിനൊരുങ്ങുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ നയം പരിപൂര്‍ണമായി പൊളിച്ചെഴുതേണ്ടതുണ്ടെന്ന് ത്രിപുരയുടെ ചുമതലയുള്ള ബിജെപി നേതാവ് സുനില്‍ ദേവ്ധര്‍ പറഞ്ഞു. പാഠ്യ പദ്ധതി മാത്രമല്ല, റോഡുകളുടെ പേരുകള്‍ അടക്കമുള്ളവയും മാറ്റാന്‍ ബിജെപി പദ്ധതിയിടുന്നു. 

സംസ്ഥാനത്തെ സ്‌കൂള്‍ സിലബസില്‍ ദേശീയ നേതാക്കളെ പരിപൂര്‍ണമായി ഒഴിവാക്കിയിരിക്കുകയാണ്. പകരം സിപിഎം സര്‍ക്കാര്‍ കമ്യൂണിസ്റ്റ് നേതാക്കളെയും, റഷ്യന്‍ വിപ്ലവത്തെയും ഫ്രഞ്ച് വിപ്ലവത്തെയും ഒക്കെയാണ് സിലബസില്‍ പഠിപ്പിച്ചിരുന്നത്. ഇവയ്ക്ക് പകരം ദേശീയ നേതാക്കളെയും ദേശീയ ചരിത്രവും ഉള്‍പ്പെടുത്തും. മാര്‍ക്‌സിസ്റ്റ് ഭരണാധികാരികളെക്കുറിച്ചുള്ള പാഠവും പുസ്തകത്തില്‍ ഉണ്ടാകുമെന്ന് സുനില്‍ ദേവ്ധര്‍ വ്യക്തമാക്കി. 

ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഇന്ത്യന്‍ ഹിസ്റ്ററിക്ക് പകരം റഷ്യന്‍, ഫ്രഞ്ച് വിപ്ലവങ്ങളാണ് പഠിക്കാനുണ്ടായിരുന്നത്. ഇംഗ്ലണ്ടില്‍ ക്രിക്കറ്റിന്റെ പിറവി, നാസിസം, അഡോള്‍ഫ് ഹിറ്റ്‌ലര്‍ തുടങ്ങിയവയെക്കുറിച്ച് പ്രതിപാദിക്കുന്ന ഹിസ്റ്ററി പുസ്തകത്തില്‍, പരാമര്‍ശമുള്ള ഇന്ത്യന്‍ നേതാവ് മഹാത്മാഗാന്ധിയാണ്. ഇതും ക്രിക്കറ്റിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെക്കുറിച്ചാണ്. ബിജെപി നേതാക്കള്‍ സൂചിപ്പിച്ചു. 

കൂടാതെ റോഡുകളുടെ അടക്കം പേരുകള്‍ മാറ്റുന്നതിനെക്കുറിച്ചും ബിജെപി നേതൃത്വം സൂചിപ്പിച്ചു. തലസ്ഥാനമായ അഗര്‍ത്തലയിലെ മാര്‍ക്‌സ്-എംഗല്‍സ് സരണി ലെയ്‌നിന്റെ പേരാണ് പുനര്‍നാമകരണ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന പ്രധാന റോഡ്. മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും വീടുകള്‍ സ്ഥിതി ചെയ്യുന്ന റോഡാണ് ഇത്. 

അഗര്‍ത്തല വിമാനത്താവളത്തിന്റെ പേരും മാറ്റുന്നവയില്‍ ഉള്‍പ്പെടുന്നു. ബീര്‍ ബിക്രം കിഷോര്‍ മാണിക്യ ദേബ് ബര്‍മന്‍ എന്ന് മാറ്റാനാണ് പദ്ധതി. ഇക്കാര്യം ബിജെപി തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ചിരുന്നു. ത്രിപുര ഇന്ത്യയില്‍ ലയിക്കുന്നതിന് മുമ്പ് അവസാന രാജാവായിരുന്നു ബീര്‍ ബിക്രം കിഷോര്‍ മാണിക്യ ദേബ് ബര്‍മന്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com