ബിപ്ലബ് കുമാര്‍ ദേബ് ത്രിപുരയുടെ  മുഖ്യമന്ത്രിയാകും; ആദിവാസി മുഖമായ ജിഷ്ണു ദേവ് വര്‍മ്മ ഉപമുഖ്യമന്ത്രി

ആര്‍എസ്എസ് പാരമ്പര്യമുളള ബിജെപി സംസ്ഥാന പ്രസിഡന്റ് ബിപ്ലബ് കുമാര്‍ ദേബ് ത്രിപുര മുഖ്യമന്ത്രിയാകും.
ബിപ്ലബ് കുമാര്‍ ദേബ് ത്രിപുരയുടെ  മുഖ്യമന്ത്രിയാകും; ആദിവാസി മുഖമായ ജിഷ്ണു ദേവ് വര്‍മ്മ ഉപമുഖ്യമന്ത്രി

അഗര്‍ത്തല: ആര്‍എസ്എസ് പാരമ്പര്യമുളള ബിജെപി സംസ്ഥാന പ്രസിഡന്റ് ബിപ്ലബ് കുമാര്‍ ദേബ് ത്രിപുര മുഖ്യമന്ത്രിയാകും. ആദിവാസി നേതാവും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് സജീവമായി പരിഗണിച്ചിരുന്ന പേരുമായ ജിഷ്ണു ദേവ് വര്‍മ്മ ഉപമുഖ്യമന്ത്രിയാകുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു. 

ത്രിപുര തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി എംഎല്‍എമാരുടെ യോഗത്തിലാണ് പ്രഖ്യാപനം. മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും തെരഞ്ഞെടുക്കാന്‍ ബിജെപി ചുമതലപ്പെടുത്തിയ നിതിന്‍ ഗഡ്കരിയെ കേന്ദ്രമന്ത്രി ജുവല്‍ ഒറാമും അനുഗമിച്ചു. ബിജെപിയുടെ ഭാവി രാഷ്ട്രീയ തന്ത്രങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം. ഇതിന് പുറമേ ജാതീയ സമവാക്യങ്ങളും തെരഞ്ഞെടുപ്പ് നിര്‍ണയത്തില്‍ കണക്കിലെടുത്തതായി ബിജെപി വൃത്തങ്ങള്‍ സൂചിപ്പിച്ചു. 

48 വയസുകാരനായ ബിപ്ലബ് ദേബ് ബാണാമാലിപൂര്‍ മണ്ഡലത്തില്‍ നിന്ന് 9549 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ത്രിപുരയുടെ പത്താമത്തെ മുഖ്യമന്ത്രിയായിട്ടാണ് ബിപ്ലബ് ഭരണമേല്‍ക്കുക. ബംഗാളിയായ ദേബിനെ ത്രിപുര പിടിക്കുന്നതിന്റെ ഭാഗമായാണ് ബിജെപി നേതൃത്വം ത്രിപുരയിലേക്ക് നിയോഗിച്ചത്. ബിപ്ലബ് കുമാറിന്റെ നേതൃത്വത്തില്‍ വന്‍ വിജയമാണ് ബിജെപി സംസ്ഥാനത്ത് കാഴ്ചവെച്ചത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബിജെപി ഇവിടെ അധികാരത്തില്‍ വന്നത്. 

അതേസമയം ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം പരിഗണിക്കാതിരുന്നതില്‍ ഐപിഎഫ്ടിയ്ക്ക് അതൃപ്തിയുണ്ട്. അര്‍ഹതപ്പെട്ട സ്ഥാനം ലഭിച്ചില്ലെങ്കില്‍ സര്‍ക്കാരിന്റെ ഭാഗമാകില്ലെന്ന് പാര്‍ട്ടി ഇന്നലെ ഭീഷണി മുഴക്കിയിരുന്നു. അല്ലാത്ത പക്ഷം പുറത്തുനിന്ന് പിന്തുണ നല്‍കുമെന്നാണ് ഐപിഎഫ്ടിയുടെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com