മേഘാലയയില്‍ കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ; സാങ്മയെയും ബിജെപിയെയും എതിര്‍ത്ത് സഖ്യകക്ഷി

മേഘാലയയില്‍ കോണ്‍ഗ്രസ് ഇതര, ബിജെപി ഇതര സര്‍ക്കാരാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് എച്ച്എസ്ഡിപി പ്രസിഡന്റ്
മേഘാലയയില്‍ കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ; സാങ്മയെയും ബിജെപിയെയും എതിര്‍ത്ത് സഖ്യകക്ഷി

ഷില്ലോംഗ് : മേഘാലയയുടെ 12 ആമത് മുഖ്യമന്ത്രിയായി കോണ്‍റാഡ് സാങ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തലസ്ഥാനമായ ഷില്ലോംഗില്‍ നടന്നചടങ്ങില്‍ സഹമന്ത്രിമാരും   സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, അസം മുക്യമന്ത്രി സര്‍ബാനന്ദ് സോനോവാള്‍, അസം ആരോഗ്യ വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു. മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി എ സാങ്മയുടെ മകനാണ് കോണ്‍റാഡ് സാങ്മ. 

60 അംഗ മേഘാലയ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. കോണ്‍ഗ്രസ് 21 സീറ്റ് നേടി വലിയ കക്ഷിയായിരുന്നു. എന്നാല്‍ 19 സീറ്റുമായി രണ്ടാം സ്ഥാനത്തെത്തിയ സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ മറ്റു ചെറു പാര്‍ട്ടികള്‍ തീരുമാനിക്കുകയായിരുന്നു. ബിജെപിക്ക് രണ്ട് സീറ്റാണ് ലഭിച്ചത്. കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തുക ലക്ഷ്യമിട്ട് ബിജെപിയാണ് എന്‍പിപിയും തേതൃത്വത്തില്‍ സഖ്യകക്ഷി സര്‍ക്കാരിന് സാധ്യതയൊരുക്കിയത്. 

19 സീറ്റുള്ള എന്‍പിപി, 6 സീറ്റുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി, നാലു സീറ്റുള്ള പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട്, 2 സീറ്റുള്ള ബിജെപി, രണ്ട് എംഎല്‍എമാരുള്ള ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, ഒരു സ്വതന്ത്രന്‍ എന്നിവരാണ് സഖ്യത്തിലുള്ളത്. ഇതോടെ മൊത്തം 34 എംഎല്‍എമാരുടെ പിന്തുണ സര്‍ക്കാരിന് ഉണ്ടെന്നാണ് സാങ്മയും ബിജെപിയും വ്യക്തമാക്കുന്നത്. 

അതിനിടെ സഖ്യത്തിന് തുടക്കത്തിലേ തിരിച്ചടി നല്‍കി ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി രംഗത്തെത്തി. ലോക്‌സഭാംഗമായ കോണ്‍റാഡ് സാങ്മയെ മുഖ്യമന്ത്രിയാക്കിയത് അംഗീകരിക്കാനാകില്ലെന്ന് എച്ച്എസ്ഡിപി പ്രസിഡന്റ് ആര്‍ഡന്റ് ബസായമോയിറ്റ് പറഞ്ഞു. കോണ്‍റാഡ് സാങ്മ നിലവില്‍ ടുറയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. സഖ്യകക്ഷികളോട് ആലോചിക്കാതെയാണ് സാങ്മയെ മുഖ്യമന്ത്രിയായി തീരുമാനിച്ചതെന്നും എച്ച്എസ്ഡിപി നേതാവ് ആരോപിച്ചു. 

ബിജെപിയെയും സഖ്യ സര്‍ക്കാരില്‍ നിന്നും ഒഴിവാക്കണമെന്നും എച്ച്എസ്ഡിപി നേതാവ് ആവശ്യപ്പെട്ടു. രണ്ടംഗങ്ങളുള്ള ബിജെപിയെ കൂടാതെ തന്നെ സര്‍ക്കാരിന് കേവല ഭൂരിപക്ഷമുണ്ട്. മേഘാലയയില്‍ കോണ്‍ഗ്രസ് ഇതര, ബിജെപി ഇതര സര്‍ക്കാരാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് എച്ച്എസ്ഡിപി പ്രസിഡന്റ് ആര്‍ഡന്റ് ബസായമോയിറ്റ് പറഞ്ഞു. എച്ച്എസ്ഡിപി സഖ്യം വിട്ടുപോയാലും സര്‍ക്കാരിന് ക്ഷീണം സംഭവിക്കില്ലെന്നാണ് ബിജെപി അഭിപ്രായപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com