പെരിയാര്‍ പ്രതിമ തകര്‍ത്തതിന് പിന്നാലെ ബിജെപി ഓഫീസിന് നേരെ പെട്രോള്‍ ബോംബേറ് 

ബിജെപിയുടെ കോയമ്പത്തൂര്‍ ഓഫീസിന് നേരെ പുലര്‍ച്ചെ ബൈക്കിലെത്തിയ അജ്ഞാത സംഘം പെട്രോള്‍ ബോംബേറിഞ്ഞു
പെരിയാര്‍ പ്രതിമ തകര്‍ത്തതിന് പിന്നാലെ ബിജെപി ഓഫീസിന് നേരെ പെട്രോള്‍ ബോംബേറ് 

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമ തകര്‍ത്തതിന് പിന്നാലെ ബിജെപി ഓഫീസിന്് നേരെ ആക്രമണം. ബിജെപിയുടെ കോയമ്പത്തൂര്‍ ഓഫീസിന് നേരെ പുലര്‍ച്ചെ ബൈക്കിലെത്തിയ അജ്ഞാത സംഘം പെട്രോള്‍ ബോംബേറിഞ്ഞു. എന്നാല്‍ ആര്‍ക്കും പരുക്കില്ലെന്നും ഓഫീസിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ട്. 

പുലര്‍ച്ചെ മൂന്നരയോടെയാണ് ആക്രമണമെന്ന് പൊലീസ് പറയുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ആക്രമണത്തില്‍ നാലുപേര്‍ പങ്കെടുത്തതായി വ്യക്തമായെന്നും പൊലീസ് അറിയിച്ചു. രണ്ടു ബൈക്കുകളിലെത്തിയ സംഘം ബിജെപി് ഓഫീസിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നുവെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി ഓഫീസുകളുടെ സുരക്ഷ പൊലീസ് ശക്തമാക്കി.

നേരത്തെ ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ ഫെയ്‌സ്ബുക് പോസ്റ്റിനു പിന്നാലെ തമിഴ്‌നാട്ടിലെ വെല്ലൂരില്‍ പെരിയാര്‍ (ഇ.വി.രാമസ്വാമി) പ്രതിമ തകര്‍ത്തിരുന്നു. തിരുപ്പത്തൂര്‍ കോര്‍പറേഷന്‍ ഓഫിസിലെ പെരിയാര്‍ പ്രതിമയാണു ചൊവ്വാഴ്ച രാത്രിയില്‍ നശിപ്പിച്ചത്. പ്രതിമയുടെ മൂക്കും കണ്ണടയും തകര്‍ന്നു.

ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതുപോലെ തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമകളും തകര്‍ക്കുമെന്നു എച്ച്.രാജ ഭീഷണിപ്പെടുത്തിയിരുന്നു. പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കകമാണ് പ്രതിമ തകര്‍ത്തത്്. ഇതിന് പിന്നാലെയാണ് ബിജെപി ഓഫീസിന് നേരെയുണ്ടായ ആക്രമണം.

ചൊവ്വാഴ്ച രാവിലെയാണ് എച്ച്.രാജയുടെ വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. 'ആരാണ് ലെനിന്‍? എന്താണ് അദ്ദേഹത്തിന് ഇന്ത്യയുമായുള്ള ബന്ധം? എന്താണ് ഇവിടുത്തെ കമ്യൂണിസ്റ്റുകാരുമായുള്ള ബന്ധം? ത്രിപുരയില്‍ ലെനിന്റെ പ്രതിമയാണു തകര്‍ത്തത്. നാളെ, തമിഴ്‌നാട്ടില്‍ അത് പെരിയാറിന്റേതായിരിക്കും'രാജ പറഞ്ഞു. സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു.

സമൂഹമാധ്യമത്തിലെ തന്റെ പേജ് പലരും ചേര്‍ന്നാണു നിയന്ത്രിക്കുന്നതെന്നായിരുന്നു രാജയുടെ വിശദീകരണം. അതേസമയം, പെരിയാറുടെ പ്രതിമ തൊടാന്‍ പോലും ആരെയും അനുവദിക്കില്ലെന്ന പ്രസ്താവനയുമായി ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ രംഗത്തെത്തി. അക്രമത്തിനു പ്രേരിപ്പിക്കുന്നതാണു രാജയുടെ ആഹ്വാനം. ഗുണ്ടാനിയമം ചുമത്തി രാജയെ അറസ്റ്റ് ചെയ്യണമെന്നും സ്റ്റാലിന്‍ പറഞ്ഞു. രാജയ്ക്കു മുന്‍പു യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ജി.സൂര്യയും കഴിഞ്ഞദിവസം സമാന ആഹ്വാനവുമായി രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com