പെരിയാറിനെ കാക്കാന്‍ ഞങ്ങള്‍ക്കറിയാം; നടപടിയെടുക്കാന്‍ ബിജെപി തയ്യാറുണ്ടോ?: കമല്‍ഹാസന്‍ 

വിവാദപരാമര്‍ശം നടത്തിയ ബിജെപി ദേശീയ സെക്രട്ടറിക്കെതിരെ നടപടി എടുക്കാന്‍ ബിജെപി തയ്യാറാവണമെന്ന് കമല്‍ഹാസന്‍ ആവശ്യപ്പെട്ടു.
പെരിയാറിനെ കാക്കാന്‍ ഞങ്ങള്‍ക്കറിയാം; നടപടിയെടുക്കാന്‍ ബിജെപി തയ്യാറുണ്ടോ?: കമല്‍ഹാസന്‍ 

ചെന്നൈ: ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതു പോലെ തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന വിവാദ പരാമര്‍ശം നടത്തിയ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയെ രൂക്ഷമായി വിമര്‍ശിച്ച് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍. വിവാദപരാമര്‍ശത്തില്‍ എച്ച് രാജ മാപ്പുപറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അദ്ദേഹം മാപ്പുപറഞ്ഞു എന്ന് താന്‍ കരുതുന്നില്ലെന്ന്് കമല്‍ ഹാസന്‍ പ്രതികരിച്ചു.

എച്ച് രാജ പശ്ചാത്തപിച്ചു കാണും, അതിനെ മാപ്പുപറഞ്ഞു എന്ന് വ്യാഖ്യാനിക്കാനാകില്ല. മാപ്പുപറയുന്നു എന്ന മട്ടില്‍ അദ്ദേഹം നിരത്തിയ മുടന്തന്‍ ന്യായങ്ങള്‍ കണക്കിലെടുത്താല്‍ എച്ച് രാജയുടെ പശ്ചാത്തപം പോലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കമല്‍ഹാസന്‍ പറഞ്ഞു.

വിവാദപരാമര്‍ശം നടത്തിയ ബിജെപി ദേശീയ സെക്രട്ടറിക്കെതിരെ നടപടി എടുക്കാന്‍ ബിജെപി തയ്യാറാവണമെന്ന് കമല്‍ഹാസന്‍ ആവശ്യപ്പെട്ടു. അതാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി സ്വീകരിക്കേണ്ട മാന്യത.എന്നാല്‍ നിഷ്‌ക്രിയത്വം ശീലമാക്കിയ ബിജെപിയില്‍ നിന്ന്് താന്‍ ഇത് പ്രതീക്ഷിക്കുന്നില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.

അതേസമയം പെരിയാറിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ഉയര്‍ന്നു വരുന്ന രോഷപ്രകടനങ്ങളില്‍ വീണു പോകരുതെന്ന്് കമല്‍ഹാസന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ മുഖ്യ ആവശ്യമായ കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാനായിരിക്കണം ജനം ശ്രദ്ധപതിപ്പിക്കേണ്ടത്. അല്ലാതെ വൈകാരികമായി ഈ വിഷയത്തോട് പ്രതികരിച്ചാല്‍ ഫലം മറ്റൊന്നായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

പെരിയാറിന്റെ മഹത്വം കേവലം പ്രതിമ തകര്‍ത്തതിന് അപ്പുറമാണ്.പെരിയാറിന്റെ പ്രതിമകളെ സംരക്ഷിക്കാന്‍ തമിഴ് ജനതയ്ക്ക് അറിയാമെന്നും കമല്‍ഹാസന്‍ പ്രതികരിച്ചു. തമിഴ്‌നാട്ടില്‍ നിയമവാഴ്ചയും സമാധാനവും നിലനിര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്നും കമല്‍ഹാസന്‍ പറഞ്ഞു. 

നേരത്തെ നടന്‍ സത്യരാജും, നടി ഖുശ്ബുവും പെരിയാറിന്റെ പ്രതിമ തകര്‍ത്തതിന് എതിരെ രംഗത്തുവന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com