ബിജെപി ബന്ധം ഉപേക്ഷിക്കാനൊരുങ്ങി തെലുങ്കുദേശം പാര്‍ട്ടി ; ടിഡിപി കേന്ദ്രമന്ത്രിമാര്‍ ഈയാഴ്ച രാജിവെച്ചേക്കും

ആന്ധ്രപ്രദേശിന് പ്രത്യേക കാറ്റഗറി പദവി നല്‍കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് ബിജെപി ബന്ധം ഉപേക്ഷിക്കാന്‍ ടിഡിപി ആലോചിക്കുന്നത് 
ബിജെപി ബന്ധം ഉപേക്ഷിക്കാനൊരുങ്ങി തെലുങ്കുദേശം പാര്‍ട്ടി ; ടിഡിപി കേന്ദ്രമന്ത്രിമാര്‍ ഈയാഴ്ച രാജിവെച്ചേക്കും

ന്യൂഡല്‍ഹി :  എന്‍ഡിഎ മുന്നണി വിടാനൊരുങ്ങി തെലുങ്കുദേശം പാര്‍ട്ടി. ടിഡിപിയുടെ രണ്ട് കേന്ദ്രമന്ത്രിമാര്‍ ഈ ആഴ്ച മോദി സര്‍ക്കാരില്‍ നിന്നും രാജിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആന്ധ്രപ്രദേശിന് പ്രത്യേക കാറ്റഗറി പദവി നല്‍കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് ടിഡിപി ബിജെപി ബന്ധം ഉപേക്ഷിക്കാന്‍ ആലോചിക്കുന്നത്. 

ചൊവ്വാഴ്ച ചേര്‍ന്ന ടിഡിപി നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ എംഎല്‍എമാരും എംഎല്‍സിമാരും ബിജെപി ബന്ധം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. ടിഡിപിയുടെ 125 എംഎല്‍എമാരും, 34 എംഎല്‍സിമാരുമാണ് യോഗത്തില്‍ പങ്കെടുത്തത്. ജനപ്രതിനിധികളുടെ വികാരം കണക്കിലെടുത്ത ടിഡിപി അധ്യക്ഷനും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു എന്‍ഡിഎ വിടുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന. 

കേന്ദ്രമന്ത്രിസഭയില്‍ ടിഡിപി പ്രതിനിധികളായ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവും കേന്ദ്രസഹമന്ത്രി വൈ എസ് ചൗധരിയും ഈ മാസം 10നകം രാജിവെച്ചേക്കുമെന്നാണ് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ആന്ധ്രപ്രദേശിന്റെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ട്. എന്നാല്‍ പ്രത്യേക പദവി അടക്കമുള്ള ടിഡിപിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാകാത്തതാണ്. പിന്നോക്കാവസ്ഥ പരിഗണിച്ചാണ് പ്രത്യേക പദവി നല്‍കുന്നത്. അതനുസരിച്ച് ബീഹാറിനാണ് മുന്തിയ പരിഗണന ലഭിക്കേണ്ടതെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി. 

അതിനിടെ ഇടഞ്ഞുനില്‍ക്കുന്ന ടിഡിപിയെ ബിജെപി വിരുദ്ധ മുന്നണിയിലേക്ക് ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചു. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ആന്ധ്രയ്ക്ക് പ്രത്യേക കാറ്റഗറി പദവി നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com