വിവാദ പ്രസ്താവന : ബിജെപി നേതാവ് രാജ മാപ്പുപറഞ്ഞു; 'നിലപാടുകളെ അക്രമങ്ങള്‍ കൊണ്ടല്ല നേരിടേണ്ടത്‌'

നിലപാടുകളെ അക്രമങ്ങള്‍ കൊണ്ടല്ല നേരിടേണ്ടതെന്ന് രാജ
വിവാദ പ്രസ്താവന : ബിജെപി നേതാവ് രാജ മാപ്പുപറഞ്ഞു; 'നിലപാടുകളെ അക്രമങ്ങള്‍ കൊണ്ടല്ല നേരിടേണ്ടത്‌'

ചെന്നൈ : ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതുപോലെ തമിഴ്‌നാട്ടില്‍ പെരിയോര്‍ ഇവി രാമസ്വാമിയുടെ പ്രതിമയും തകര്‍ക്കുമെന്ന വിവാദ പരാമര്‍ശത്തില്‍ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ മാപ്പുപറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ക്ഷമാപണം. അഭിപ്രായങ്ങളെ അഭിപ്രായങ്ങള്‍ കൊണ്ടാണ് നേരിടേണ്ടത്. അക്രമങ്ങള്‍ കൊണ്ടല്ല. പ്രതിമകള്‍ തകര്‍ക്കുന്നതുപോലുള്ള പ്രവൃത്തികളെ അംഗീകരിക്കുന്നില്ല. തന്റെ വാക്കുകള്‍ ആരെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കില്‍ മാപ്പുചോദിക്കുന്നുവെന്ന് രാജ പോസ്റ്റില്‍ വ്യക്തമാക്കി. 

പെരിയോറിന്റെ പ്രതിമ തകര്‍ക്കുമെന്ന വിവാദ പരാമര്‍ശം അഡ്മിന് പറ്റിയ പിശകാണ്. അത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പോസ്റ്റ് നീക്കം ചെയ്തു. അഡ്മിനെ മാറ്റിയതായും എച്ച് രാജ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതുപോലെ, തമിഴ്‌നാട്ടില്‍ പെരിയോറുടെ പ്രതിമയും തകര്‍ക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പരാമര്‍ശം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു. അതിനിടെ രാജയുടെ പരാമര്‍ശത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായി. ഡിഎംകെ, എംഡിഎംകെ, സിപിഎം, സിപിഐ, വിസികെ തുടങ്ങിയ പാര്‍ട്ടികളെല്ലാം രാജക്കെതിരെ രംഗത്തെത്തിയിരുന്നു.

രാജയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കോയമ്പത്തൂരില്‍ രാമസ്വാമി നായ്ക്കരുടെ പ്രതിമയ്ക്ക് നേരെ ആക്രമണം ഉണ്ടാകുകയും ചെയ്തിരുന്നു. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com