കരടുരാഷ്ട്രീയ പ്രമേയം തളളി; ബംഗാളില്‍ സിപിഎം കോണ്‍ഗ്രസുമായി ധാരണയിലേക്ക് 

കോണ്‍ഗ്രസുമായി ധാരണ പോലും വേണ്ടെന്ന കരടുരാഷ്ട്രീയ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനിരിക്കേ, സിപിഎം ബംഗാള്‍ ഘടകം വീണ്ടും കോണ്‍ഗ്രസുമായി അനൗപചാരിക സീറ്റുധാരണ രൂപപ്പെടുത്തുന്നു
കരടുരാഷ്ട്രീയ പ്രമേയം തളളി; ബംഗാളില്‍ സിപിഎം കോണ്‍ഗ്രസുമായി ധാരണയിലേക്ക് 

കൊല്‍ക്കത്ത : കോണ്‍ഗ്രസുമായി ധാരണ പോലും വേണ്ടെന്ന കരടുരാഷ്ട്രീയ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനിരിക്കേ, സിപിഎം ബംഗാള്‍ ഘടകം വീണ്ടും കോണ്‍ഗ്രസുമായി അനൗപചാരിക സീറ്റുധാരണ രൂപപ്പെടുത്തുന്നു.പശ്ചിമബംഗാളില്‍ അടുത്തു നടക്കാനിരിക്കുന്ന രാജ്യസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് നീക്കം. ബംഗാള്‍ സംസ്ഥാന സമ്മേളനത്തില്‍ ഇതിന് അനുകൂലമായ സാഹചര്യം ഒരുക്കുകയാണ് സംസ്ഥാന നേതൃത്വത്തിന്റെ ലക്ഷ്യം. 

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് സ്വന്തമായി സ്ഥാനാര്‍ഥിയില്ലാത്ത സ്ഥലങ്ങളില്‍ ബി.ജെ.പി.യോ തൃണമൂല്‍ കോണ്‍ഗ്രസോ അല്ലാത്ത ഏത് ജനാധിപത്യ കക്ഷികളില്‍പ്പെടുന്നവരുമായും സീറ്റ് ധാരണയാവാമെന്നാണ് സി.പി.എം. സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. ഈ നയത്തിന് അനുമതി തേടിക്കൊണ്ടുള്ള പ്രമേയം സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി സൂര്യകാന്ത മിശ്ര അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം നൃപന്‍ ചൗധരി പിന്താങ്ങി.

രാജ്യസഭയിലേക്ക് ബംഗാളില്‍ ഒഴിവുള്ള അഞ്ചു സീറ്റുകളില്‍ നാലിലും തൃണമൂല്‍ ജയം ഉറപ്പാണ്. അഞ്ചാം സീറ്റില്‍ കോണ്‍ഗ്രസും സി.പി.എമ്മും പരസ്പര ധാരണയുണ്ടാക്കിയാല്‍ ഒരാളെ വിജയിപ്പിച്ചെടുക്കാനാവും. ഇതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ഇരുകൂട്ടരും നടത്തുന്നത്. യെച്ചൂരിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസിന് സമ്മതമാണെങ്കിലും സി.പി.എം. കേന്ദ്ര നേതൃത്വം ഇതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ ഉഭയസമ്മതപ്രകാരം ഒരു സ്വതന്ത്രന്‍ എന്ന ആശയമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നു വന്നിട്ടുള്ളത്. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുന്നതിനായി ഹൈക്കമാന്‍ഡ് സംസ്ഥാന പ്രതിപക്ഷ നേതാവ് അബ്ദുള്‍ മന്നാനെ ന്യൂഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക രാഹുല്‍ ഗാന്ധിയാകുമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്.

പ്രതിപക്ഷ കക്ഷികള്‍ക്ക് പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തങ്ങള്‍ ശ്രമിക്കുമെന്നാണ് സി.പി.എം സംസ്ഥാന സെകട്ടറി സൂര്യകാന്ത മിശ്ര ഈ നിര്‍ദേശത്തോട് പ്രതികരിച്ചത്. ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തമായും തൃണമൂല്‍ ബി.ജെ.പി. വിരുദ്ധ നിലപാടുള്ള ഒരാളെയേ പിന്തുണയ്ക്കുകയുള്ളൂ. സമ്മര്‍ദം ചെലുത്തിയോ പ്രലോഭനം കൊണ്ടോ ഈ പാര്‍ട്ടി ക്യാമ്പുകളില്‍ ചേരാന്‍ ഇടയുള്ള ആളാകരുത് സ്ഥാനാര്‍ഥി  മിശ്ര നിലപാട് വ്യക്തമാക്കിയത് ഇങ്ങനെയാണ്.

പാര്‍ട്ടി സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ പരാജയം ഉറപ്പാണെന്നിരിക്കെ, തൃണമൂല്‍ അഞ്ചാം സീറ്റിലും ജയിക്കുകയെന്നത് ഏതു വിധേനയും തടയുകയെന്നതാണ് സി.പി.എമ്മിന്റെ ലക്ഷ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com