നായിഡുവിന് അതേ നാണയത്തില്‍ തിരിച്ചടി; ആന്ധ്രയില്‍ രണ്ട് ബിജെപി മന്ത്രിമാര്‍ രാജിവെച്ചു

മുന്നണി വിടുമെന്ന് ഭീഷണിപ്പെടുത്തുന്ന ടിഡിപിയുമായുളള  കൂട്ടുകെട്ട് ഉപേക്ഷിക്കണമെന്നു ബിജെപി ആന്ധ്രാപ്രദേശ് ഘടകം കേന്ദ്ര നേതൃത്വത്തോടു നിര്‍ദേശിച്ചിരുന്നു.
നായിഡുവിന് അതേ നാണയത്തില്‍ തിരിച്ചടി; ആന്ധ്രയില്‍ രണ്ട് ബിജെപി മന്ത്രിമാര്‍ രാജിവെച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം നിരാകരിച്ച കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രിമാരെ പിന്‍വലിക്കാന്‍ ഒരുങ്ങുന്ന തെലുങ്കുദേശം പാര്‍ട്ടിക്ക് അതേനാണയത്തില്‍ തിരിച്ചടി നല്‍കി ആന്ധ്രാ ബിജെപി ഘടകം. ആന്ധ്രാപ്രദേശ് ഭരിക്കുന്ന ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന ബിജെപിയുടെ രണ്ട് സംസ്ഥാന മന്ത്രിമാര്‍ രാജിവെച്ചു. ചന്ദ്രബാബു നായിഡു സര്‍ക്കാരില്‍ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്ന ഡോ കാമിനേനി ശ്രീനിവാസ്, പൈഡികോണ്ടല മണിക്യല റാവു എന്നിവരാണ് തെലുങ്കുദേശം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി രാജിവെച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയാണ് ഇരുവരും രാജികത്ത് സമര്‍പ്പിച്ചത്. 


മുന്നണി വിടുമെന്ന് ഭീഷണിപ്പെടുത്തുന്ന ടിഡിപിയുമായുളള  കൂട്ടുകെട്ട് ഉപേക്ഷിക്കണമെന്നു ബിജെപി ആന്ധ്രാപ്രദേശ് ഘടകം കേന്ദ്ര നേതൃത്വത്തോടു നിര്‍ദേശിച്ചിരുന്നു. കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ടിഡിപി പിന്‍മാറുന്നതിനു ബദല്‍ നടപടിയായി നായിഡുവിന്റെ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കാന്‍ സന്നദ്ധമാണെന്ന് ബിജെപി മന്ത്രിമാരായ കെ. ശ്രീനിവാസ റാവു, ടി.മാണിക്യാല റാവു എന്നിവര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെലുങ്കുദേശം പാര്‍ട്ടിയെ സമ്മര്‍ദത്തിലാഴ്ത്തി രാജി.

നിലവിലെ സാഹചര്യത്തില്‍ ബിജെപി മന്ത്രിമാര്‍ രാജിവെച്ചത് തെലുങ്കുദേശം പാര്‍ട്ടിയെ ബാധിക്കില്ല. 175 അംഗ നിയമസഭയില്‍ തെലുങ്കുദേശം പാര്‍ട്ടിക്ക് മാത്രം 102 അംഗങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഘടകകക്ഷിയായ ബിജെപിയുടെ നാലു എംഎല്‍എമാരുടെ സഹായം ഇല്ലാതെയും തെലുങ്കുദേശം പാര്‍ട്ടിക്ക് ഭരിക്കാന്‍ സാധിക്കും. ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസാണ് ടിഡിപിയുടെ മുഖ്യ എതിരാളി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com