മുംബൈ സ്‌ഫോടനപരമ്പര കേസിലെ പ്രതി ഫാറൂഖ് തക്ലയെ സിബിഐ അറസ്റ്റുചെയ്തു

1993 ലെ മുംബൈ സ്‌ഫോടനപരമ്പരയ്ക്ക് പിന്നാലെ ഇയാള്‍ രാജ്യം വിടുകയായിരുന്നു
മുംബൈ സ്‌ഫോടനപരമ്പര കേസിലെ പ്രതി ഫാറൂഖ് തക്ലയെ സിബിഐ അറസ്റ്റുചെയ്തു


മുംബൈ : ദാവൂദ് ഇബ്രാഹിം സംഘാംഗവും മുംബൈ സ്‌ഫോടനപരമ്പരയിലെ
സൂത്രധാരന്മാരിലൊരാളുമായ യാസിന്‍ മന്‍സൂര്‍ എന്ന  ഫാറൂഖ് തക്ലയെ സിബിഐ അറസ്റ്റ് ചെയ്തു. മുംബൈയിലെത്തിച്ച ഇയാളെ ഇന്ന് ടാഡാ കോടതിയില്‍ ഹാജരാക്കും. 1993 ലെ മുംബൈ സ്‌ഫോടനപരമ്പരയ്ക്ക്
പിന്നാലെ ഇയാള്‍ രാജ്യം വിടുകയായിരുന്നു. 

ഫാറൂഖ് തക്ലയെ പിടികൂടുന്നതിനായി 1995 ല്‍ ഇന്ത്യ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദുബായില്‍ നിന്നും ഫറൂഖിനെ നാടുകടത്തുകയായിരുന്നു എന്നാണ് വാര്‍ത്താഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്. 

മുംബൈ ഭീകരാക്രമണത്തില്‍ പങ്കാളിയായ ഫാറൂഖിനെ രാജ്യത്തെത്തിക്കാനായത് വന്‍ നേട്ടമാണെന്ന് മുതിര്‍ന്ന അഭിഭാഷകനായ ഉജ്ജ്വല്‍ നിഗം അഭിപ്രായപ്പെട്ടു. സ്‌ഫോടനപരമ്പരയ്ക്ക് ശേഷം നാടുവിട്ട തക്ല ദുബായിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. തക്ലയെ പിടികൂടാനായത് ഡി കമ്പനിക്ക് ഏറ്റ കനത്ത പ്രഹരമാണെന്നും ഉജ്ജ്വല്‍ നിഗം പറഞ്ഞു. 

ടാഡ കോടതിയില്‍ ഹാജരാക്കുന്ന ഫാറൂഖ് തക്ലയെ ഏറ്റവും കനത്ത സുരക്ഷയുള്ള ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലിലാകും പാര്‍പ്പിക്കുക. അധോലാക നായകന്‍ ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായും, നിയമവ്യവസ്ഥയ്ക്ക് വിധേയനാകാന്‍ ആഗ്രഹിക്കുന്നതായും ക്രിമിനല്‍ അഭിഭാഷകനായ ശ്യാം കേസ്‌വാനി ഏതാനും ദിവസം മുമ്പ് വെളിപ്പെടുത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com