ഹൈക്കോടതി വിധി റദ്ദാക്കി, ഹാദിയയുടെ വിവാഹം നിയമപരം, എന്‍ഐഎ അന്വേഷണം തുടരാമെന്ന് സുപ്രിം കോടതി

കേസിലെ തീവ്രവാദ ബന്ധം സംബന്ധിച്ച എന്‍ഐഎ അന്വേഷണം തുടരാമെന്ന് സുപ്രിം കോടതി
ഹൈക്കോടതി വിധി റദ്ദാക്കി, ഹാദിയയുടെ വിവാഹം നിയമപരം, എന്‍ഐഎ അന്വേഷണം തുടരാമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: വൈക്കം സ്വദേശി ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി അസാധുവാക്കി. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചുകൊണ്ട് ഒരാളുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ സുപ്രധാന വിധി. കേസിലെ തീവ്രവാദ ബന്ധം സംബന്ധിച്ച എന്‍ഐഎ അന്വേഷണം തുടരാമെന്ന് സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചുകൊണ്ട്, പ്രായപൂര്‍ത്തിയായ ഒരാളുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്ന കാര്യമാണ് പ്രധാനമായും പരിഗണിക്കുകയെന്ന് വാദം കേള്‍ക്കലിനിടെ സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. വിവാഹവും തീവ്രവാദവുമായി ബന്ധപ്പെട്ട കേസും രണ്ടായി കാണണമെന്നും സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ട്. തീവ്രവാദ ബന്ധമുണ്ടെങ്കില്‍ ഷെഫിന്‍ ജഹാനും ഹാദിയയ്ക്കുമെതിരെ കേസെടുക്കാം, എന്നാല്‍ ഇവരുടെ വിവാഹത്തിനെതിരെ നിയമ നടപടിയെടുക്കാനാവില്ലെന്ന് വ്യാഴാഴ്ചയും കോടതി വ്യക്തമാക്കി. 

ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിക്കൊണ്ട് കേരള ഹൈക്കോടതി 2017 മെയി് 24ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്താണ് ഷെഫിന്‍ ജഹാന്‍ സുപ്രിം കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെ, ഇക്കാര്യത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തി ഐഎസിലേക്ക് കടുത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ക്കു തീവ്രവാദ ബന്ധമുണ്ടെന്നുമുള്ള ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രത്തിന്റെ വാദം. ഇത് അംഗീകച്ച കോടതി റിട്ട. ജഡ്ജിയുടെ മേല്‍നോട്ടത്തിന് എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിടുകും ചെയ്തു. റിട്ട. ജഡ്ജി  എന്നാല്‍ മേല്‍നോട്ടച്ചുമതല ഏറ്റെുടുക്കാന്‍ വിസമ്മതിച്ച പശ്ചാത്തലത്തില്‍ എന്‍ഐഎ അന്വേണം മുന്നോട്ടുകൊണ്ടുപോവുന്നതിനെയും ഷെഫിന്‍ ജഹാന്‍ ചോദ്യം ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഹാദിയയെ വിളിച്ചുവരുത്തിയ കോടതി ഹാദിയയുമായി ആശയവിനിമയം നടത്തിയിരുന്നു. ഷെഫിന്‍ ജഹാനോട് ഒപ്പം പോവാനാണ് താത്പര്യമെന്നു ഹാദിയ അറിയിച്ചെങ്കിലും കോയമ്പത്തൂരില്‍ പഠനം തുടരാനായിരുന്നു കോടതി നിര്‍ദേശം. മുസ്ലിമായി ജീവിക്കണമെന്നും ഷെഫിന്‍ ജഹാന് ഒപ്പം പോവണമെന്നും പിന്നീട് സമര്‍പ്പിച്ച സത്യവാങമൂലത്തിലും ഹാദിയ ആവശ്യപ്പെട്ടിരുന്നു.

ഹാദിയ ഇസ്ലാം മതം സ്വീകരിച്ചതല്ല തന്റെ പ്രശ്‌നമെന്ന വാദമാണ് പിതാവ് അശോകന്‍ കോടതിയില്‍ ഉയര്‍ത്തിയത്. ഹാദിയയുടെ സുരക്ഷ മാത്രമാണ് തന്റെ പ്രശ്‌നം. ഹാദിയയെ ആദ്യം യെമനിലേക്കും പിന്നീട് സിറിയയിലേക്കും കടത്താന്‍ പദ്ധതിയുണ്ടായിരുന്നെന്ന് അശോകന്‍ സത്യവാമൂലത്തില്‍ ആരോപിച്ചു. ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്നും അശോകന്‍ വാദിച്ചു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com