ഗൗരി ലങ്കേഷ് വധം: ഹിന്ദു സംഘടനാ നേതാവ് അറസ്റ്റില്‍; സനാതന്‍ സന്‍സ്ഥയുമായി ബന്ധമെന്ന് സൂചന

ഗൗരി ലങ്കേഷ് വധം: ഹിന്ദു സംഘടനാ നേതാവ് അറസ്റ്റില്‍; സനാതന്‍ സന്‍സ്ഥയുമായി ബന്ധമെന്ന് സൂചന
ഗൗരി ലങ്കേഷ് വധം: ഹിന്ദു സംഘടനാ നേതാവ് അറസ്റ്റില്‍; സനാതന്‍ സന്‍സ്ഥയുമായി ബന്ധമെന്ന് സൂചന

ബംഗളൂരു : മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ഹിന്ദു സംഘടനാ നേതാവ് അറസ്റ്റില്‍. ഹിന്ദു യുവസേനാ നേതാവ് കെടി നവീന്‍ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗൗരി ലങ്കേഷ് വധത്തിലെ ആദ്യ അറസ്റ്റാണിത്. കൊലപാതകത്തിലെ മറ്റു പങ്കാളികളെക്കുറിച്ച് പൊലീസിനു വിവരം ലഭിച്ചതായാണ് സൂചന.

മാണ്ഡ്യയിലെ മദ്ദൂര്‍ സ്വദേശിയും ഹിന്ദു യുവസേന നേതാവുമായ കെ ടി നവീന്‍കുമാനെ നേരത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍നിന്ന് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നവീന്‍ കുമാറിനെ നുണപരിശോധനയ്ക്കു വിധേയമാക്കാന്‍ പൊലീസ് കോടതിയുടെ അനുമതി  തേടി. തീവ്രഹിന്ദു സംഘടനയായ സനാതന്‍ സന്‍സ്തയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗൗരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലുള്ള സംഘടനയാണ് സനാതന്‍ സന്‍സ്ഥ.

ഹിന്ദു യുവസേനയുടെ സ്ഥാപകാംഗമായ നവീന്‍കുമാര്‍ വെടിയുണ്ടകള്‍ അനധികൃതമായി കൈവശം സൂക്ഷിച്ചതിന് ഫെബ്രുവരി 18 നാണ് പൊലീസ് പിടികൂടുന്നത്. 0.32 കാലിബര്‍ തോക്കും 15 വെടിയുണ്ടകളും പിടിച്ചെടുത്തിരുന്നു. തോക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ, മെജസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍ നിന്ന് നവീനെ പൊലീസ് പിടികൂടുകയായിരുന്നു എന്നാണ് സൂചന. നവീന്റെ കൈവശമുണ്ടായിരുന്ന വെടിയുണ്ട ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ഉപയോഗിച്ചതിന് സമാനമാണെന്നാണ് വിവരം.

കസ്റ്റഡിയിലെടുത്ത നവീനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഗൗരി ലങ്കേഷ് വധത്തില്‍ പങ്കുള്ളതായി പൊലീസിന് സംശയം തോന്നിയത്. തുടര്‍ന്ന് പ്രതിയെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.ഗൗരി ലങ്കേഷിനെ വധിച്ചവര്‍ക്ക് സഹായം നല്‍കിയത് നവീന്‍ കുമാറാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഘത്തില്‍പ്പെട്ടവര്‍ക്ക് ബൈക്ക് എത്തിച്ചത് ഇയാളാണോയെന്ന് അന്വേഷിക്കുന്നുണ്ട്. ഗൗരി ലങ്കേഷിന്റെ വീടിന് സമീപത്തെ സി.സി.ടി.വി. ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ രേഖാചിത്രവുമായി നവീന്‍ കുമാറിന് സാമ്യമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.

കര്‍ണാടകത്തിലെ കൊല്ലേഗലില്‍ നടന്ന ക്യാമ്പില്‍ തോക്ക് ഉപയോഗിക്കുന്നതിന് നാലു പേര്‍ പരിശീലനത്തിലുണ്ടായിരുന്നതായി നവീന്‍ കുമാര്‍ പൊലീസിന് മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. 2017 ജൂലായിലാണ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. വലിയൊരു ദൗത്യം പൂര്‍ത്തിയാക്കാനുണ്ടെന്നാണ് ഇവര്‍ പറഞ്ഞത്. കൊല്ലേഗല്‍, ചാമരാജ് നഗര്‍ എന്നിവിടങ്ങളില്‍ ഓംനി വാനിലാണ് യാത്ര ചെയ്തതെന്നും നാടന്‍ പിസ്റ്റള്‍ ഉപയോഗിച്ചാണ് പരിശീലനം നടത്തിയതെന്നും നവീന്‍ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് വൈകീട്ടാണ് ഗൗരി ലങ്കേഷിനെ സ്വന്തം വീടിന് മുന്നില്‍ വെടിയേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടത്. സെപ്റ്റംബര്‍ മൂന്നിനും അഞ്ചിനും നവീന്‍ ഇവിടെ എത്തിയിരുന്നതായാണു സൂചന. ഗൗരിയുടെ കൊലയാളികളെ ബൈക്കില്‍ ഇവിടെയെത്തിച്ചത് നവീനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com