ഹാദിയ സലഫി പ്രചാരകരുടെ സ്വാധീനത്തില്‍ പെട്ടു, ഐഎസ് ബന്ധത്തിനു തെളിവില്ലെന്ന് എന്‍ഐഎ

ഹാദിയ സലഫി പ്രചാരകരുടെ സ്വാധീനത്തില്‍ പെട്ടു, ഐഎസ് ബന്ധത്തിനു തെളിവില്ലെന്ന് എന്‍ഐഎ
ഹാദിയ സലഫി പ്രചാരകരുടെ സ്വാധീനത്തില്‍ പെട്ടു, ഐഎസ് ബന്ധത്തിനു തെളിവില്ലെന്ന് എന്‍ഐഎ

ന്യൂഡല്‍ഹി: പഠനത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ട കാലത്ത് സലഫി പ്രചാരകരുടെ സ്വാധീനത്തില്‍ പെട്ടാണ് ഹാദിയ മതംമാറിയതെന്ന് എന്‍ഐഎ. അങ്ങനെയാണ് ഹാദിയ ഷെഫിന്‍ ജഹാനെ വിവാഹം കഴിക്കാന്‍ പ്രേരിപ്പിക്കപ്പെട്ടതെന്ന് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ എന്‍ഐഎ ചൂണ്ടിക്കാട്ടി. അതേസമയം ഐഎസില്‍ ചേരുന്നതിനായി സിറിയയിലേക്കു പോവാന്‍ ഹാദിയയ്ക്കു പദ്ധതിയുണ്ടായിരുന്നു എന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് എന്‍ഐഎ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

സലഫി പ്രചാരകരായ ഷിറന്‍ ഷഹാനയും ഫസല്‍ മുസ്തഫയുമാണ് ഹാദിയയെ മതംമാറ്റിയത്. ഇവര്‍ രണ്ടു പേരും ഇപ്പോള്‍ യെമനില്‍ ആണെന്നാണ് അറിയുന്നത്. പഠനത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ട കാലത്താണ് ഹാദിയ സലഫി പ്രചാരകരാല്‍ സ്വാധീനിക്കപ്പെട്ടത്. ഇസ്ലാമിക പഠനത്തിനായി ഹാദിയയെ യെമനിലേക്കു കൊണ്ടുപോവാന്‍ പദ്ധതിയുണ്ടായിരുന്നതായി മൊഴികളുണ്ടെന്ന് എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഐഎസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ മന്‍സീദ് മുഹമ്മദ്, സഫ്വാന്‍ എന്നിവരുമായി ഷെഫിന്‍ ജഹാന്‍ ഓണ്‍ലൈനില്‍ ബന്ധപ്പെട്ടു എന്നതിനു തെളിവുകളുണ്ട്. ഹാദിയയുടെ മതംമാറ്റത്തിലും തുടര്‍ന്നു വിവാഹത്തിലും സത്യസരണി, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നിവയ്ക്കു പങ്കുണ്ട്. ഹാദിയയ്ക്കു താമസസ്ഥലം ഒരുക്കാന്‍ ഈ സംഘടനകളുടെ സംവിധാനങ്ങളാണ്, സൈനബയും ഭര്‍ത്താവ് അലിയാരും ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കല്‍- 153 എ, മറ്റു മതങ്ങളെ ആക്ഷേപിക്കല്‍- 295എ, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com