ബിജെപി ആക്രമണം: ത്രിപുര ഉപതെരഞ്ഞടുപ്പില്‍ മത്സരിക്കാനില്ലെന്ന് സിപിഎം

വ്യാപകമായ ബിജെപി ആക്രമണത്തില്‍ പ്രതിഷേധിച്ച് ത്രിപുര ഉപതെരഞ്ഞടുപ്പില്‍ നിന്നും സിപിഎം പിന്‍മാറി
ബിജെപി ആക്രമണം: ത്രിപുര ഉപതെരഞ്ഞടുപ്പില്‍ മത്സരിക്കാനില്ലെന്ന് സിപിഎം

അഗര്‍ത്തല: വ്യാപകമായ ബിജെപി ആക്രമണത്തില്‍ പ്രതിഷേധിച്ച് ത്രിപുര ഉപതെരഞ്ഞടുപ്പില്‍ നിന്നും സിപിഎം പിന്‍മാറി. ത്രിപുര തെരഞ്ഞടുപ്പിലെ മിന്നുന്ന വിജയത്തിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി വ്യാപകമായ ആക്രമം അഴിച്ചുവിട്ടിരുന്നു. നിരവധി സിപിഎം പ്രവര്‍ത്തകരെ ആക്രമിക്കുയും നിരവധി വീടുകളും പാര്‍ട്ടി ഓഫിസുകളും അഗ്നിക്കിരയാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ചരിലം ഉപതെരഞ്ഞടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്നാണ് തൃപുര പാര്‍ട്ടിഘടകത്തിന്റെ തീരുമാനം

മാര്‍ച്ച് 12നാണ് ചരിലത്ത് വോട്ടെടുപ്പ് നടക്കുന്നത്. സി.പി.എം സ്ഥാനാര്‍ത്ഥിയായിരുന്ന രാമേന്ദ്ര നാരായണ്‍ ഡെബര്‍മ്മയുടെ മരണത്തെ തുടര്‍ന്നാണ് ഈ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവെച്ചത്.പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണ് പിന്മാറാന്‍ തീരുമാനിച്ചതെന്ന് സി.പി.എം വക്താവ് ഗൗതം ദാസ് പറഞ്ഞു. അതിനിടെ ത്രിപുരയില്‍ തെരഞ്ഞെടുപ്പിനുശേഷം അക്രമങ്ങള്‍ അരങ്ങേറിയ സ്ഥലങ്ങള്‍ സി.പിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സന്ദര്‍ശിച്ചിരുന്നു.

ത്രിപുരയിലെ പുതിയ ഉപമുഖ്യമന്ത്രി ജിഷ്ണു ഡെബര്‍മാനാണ് ചരിലത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി. രാജകുടുംബത്തിലെ അംഗമായ അദ്ദേഹമാണ് ത്രിപുരയിലെ ബി.ജെ.പിയുടെ ആദിവാസി മുഖം. പലാഷ് ഡെബര്‍മ്മയായിരുന്നു സി.പിഎം സ്ഥാനാര്‍ത്ഥിയായി നിന്നത്.പിന്മാറാനുള്ള പാര്‍ട്ടി തീരുമാനം സി.പിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ബിജാന്‍ ധര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. 'ത്രിപുരയില്‍ സമാധാന അന്തരീക്ഷം വരുന്നതുവരെ തെരഞ്ഞെടുപ്പ് നീട്ടണമെന്ന ഞങ്ങളുടെ ആവശ്യം പോലും തെരഞ്ഞെടുപ്പു കമ്മീഷന്‍ പരിഗണിച്ചിട്ടില്ല. മാര്‍ച്ച് പത്തിന് പന്ത്രണ്ടുമണിക്കു നടന്ന ത്രിപുര സംസ്ഥാന കമ്മിറ്റി യോഗം ഏകകണ്ഠമായി തെരഞ്ഞെടുപ്പില്‍ നിന്നും സി.പി.എം സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com