തമിഴ്നാട്ടിൽ ക്രമസമാധാന നില തകർന്നു; ജിഎസ്ടി ചവറ്റുകൊട്ടയിൽ എറിയണം: കമൽ ഹാസൻ

എഞ്ചിനീയറിങും മെഡിസിനും മാത്രം പഠിക്കാതെ യുവാക്കൾ കൃഷിയിലേക്കു കൂടി വരണം. ഫലഭൂയിഷ്ഠമായ മണ്ണ് അവരെ കാത്തിരിക്കുകയാണ്
തമിഴ്നാട്ടിൽ ക്രമസമാധാന നില തകർന്നു; ജിഎസ്ടി ചവറ്റുകൊട്ടയിൽ എറിയണം: കമൽ ഹാസൻ

ഈറോഡ്: തമിഴ്‌നാട്ടിലെ ക്രമസമാധാനനില താറുമാറായിരിക്കുകയാണെന്ന് മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമല്‍ഹാസന്‍. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുനിരത്തുകളില്‍ പോലും സ്ത്രീകള്‍ അപമാനിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. സ്ത്രീസുരക്ഷ സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജിഎസ്ടി കൊണ്ടുവന്ന മോദി സര്‍ക്കാരിനെ കമല്‍ഹാസന്‍ രൂക്ഷമായി വിമര്‍ശിച്ചു. ജിഎസ്ടി എല്ലാ മേഖലകളെയും മോശമായാണ് ബാധിച്ചതെന്നും ജിഎസ്ടിയെ ചവറ്റുകുട്ടയിലെറിയണമെന്നും അദ്ദേഹം പറഞ്ഞു. നോട്ടു നിരോധനം ശരിയായ തീരുമാനമായിരുന്നു. എന്നാൽ അതു നടപ്പാക്കുന്ന രീതിയിലാണ് പരാജയപ്പെട്ടതെന്നും  അദ്ദേഹം പറഞ്ഞു. 

എഞ്ചിനീയറിങും മെഡിസിനും മാത്രം പഠിക്കാതെ യുവാക്കൾ കൃഷിയിലേക്കു കൂടി വരണം. ഫലഭൂയിഷ്ഠമായ മണ്ണ് അവരെ കാത്തിരിക്കുകയാണ്. കൃഷിയിലെ നൂതന സാങ്കേതിക വിദ്യകളും അവർ പഠിക്കണമെന്ന് ഗോപിചെട്ടിപ്പാളയത്ത് അദ്ദേഹം പറഞ്ഞു. മദ്യനിരോധനം ഒറ്റ ദിവസം കൊണ്ട് നടപ്പാക്കാനാകുന്ന കാര്യമല്ല. ജനങ്ങളെ അതിനെക്കുറിച്ച് മനസിലാക്കിയ ശേഷം മാത്രമെ പൂർണമായും മദ്യ നിരോധനം സാധ്യമാകുകയുള്ളു. അങ്ങനെയല്ലെങ്കിൽ ജനങ്ങൾ ലഹരിക്കായി മറ്റു വഴികൾ തേടും– കമൽ പറഞ്ഞു. 

ക്രിസ്ത്യന്‍ മിഷനറിമാരില്‍ നിന്ന് തനിക്ക് പണം ലഭിക്കുന്നുണ്ടെന്ന ആരോപണം കമല്‍ഹാസന്‍ തള്ളി. അത്തരം ആരോപണങ്ങളെ ചിരിച്ചുതള്ളാന്‍ മാത്രമേ കഴിയൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാവേരി വിഷയത്തില്‍ കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമല്‍ഹാസന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com