'രാഷ്ട്രീയ പോരാട്ടങ്ങളില്‍ പുതിയ ദിശാബോധം വേണമെന്നാണ് ത്രിപുര നല്‍കുന്ന പാഠം' : പ്രകാശ് കാരാട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th March 2018 11:02 AM  |  

Last Updated: 11th March 2018 11:07 AM  |   A+A-   |  

 

ന്യൂഡല്‍ഹി :  ഇടതുപക്ഷത്തിന്റെ പോരാട്ടങ്ങള്‍ക്ക് പുതിയ ദിശാബോധം വേണമെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട്. രാഷ്ട്രീയ പോരാട്ടങ്ങളില്‍ പുതിയ ദിശാബോധം വേണമെന്നാണ് ത്രിപുര നല്‍കുന്ന പാഠം. ത്രിപുര തെരഞ്ഞെടുപ്പില്‍ ഇടതു വിരുദ്ധ വോട്ടുകള്‍ ഏകീകരിച്ചതാണ് തിരിച്ചടിയായത്. രാഷ്ട്രീയ പ്രത്യയശാസ്ത്ര പോരാട്ടങ്ങളില്‍ നവീകരണം വേണം. 

ബിജെപിയുടെ പണാധിപത്യവും ത്രിപുരയില്‍ തിരിച്ചടിയായി. ത്രിപുരയിലെ പ്രതിസന്ധി നേരിടാനും മറികടക്കാനും സിപിഎമ്മിന് കഴിയും. പാര്‍ട്ടി കോണ്‍ഗ്രസ് പുതിയ രാഷ്ട്രീയ അടവുനയങ്ങള്‍ ചര്‍ച്ച ചെയ്യും. ബിജെപിയെ നേരിടാന്‍ എങ്ങനെ ഒരുങ്ങണം എന്നതു സംബന്ധിച്ചും പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുമെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കി. 

ത്രിപുരയില്‍ 45 ശതമാനം വോട്ട് സിപിഎമ്മിന് ലഭിച്ചു. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് പാര്‍ട്ടിക്ക് തിരിച്ചുവരാനാകും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോണ്‍ഗ്രസിന്റെ നിലപാട് സിപിഎമ്മിന് തിരിച്ചടിയായി. ബുത്ത് തലത്തില്‍ അടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിക്ക് അനുകൂലമായി തിരിഞ്ഞു. ഇതോടൊപ്പം ബിജെപിയുടെ പണാധിപത്യവും ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണമായി. നിലവിലെ സാഹചര്യത്തില്‍ ത്രിപുരയിലെ അടക്കം സാഹചര്യങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തുമെന്നും കാരാട്ട് വ്യക്തമാക്കി.