ഉത്തര്‍പ്രദേശ് രാജ്യസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ വോട്ടുകളില്‍ വിളളല്‍ വീഴ്ത്താന്‍ ഒരുങ്ങി ബിജെപി 

ഉത്തര്‍പ്രദേശില്‍ രാജ്യസഭ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കി ബിജെപി തന്ത്രം.
ഉത്തര്‍പ്രദേശ് രാജ്യസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ വോട്ടുകളില്‍ വിളളല്‍ വീഴ്ത്താന്‍ ഒരുങ്ങി ബിജെപി 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ രാജ്യസഭ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കി ബിജെപി തന്ത്രം. സംസ്ഥാനത്ത് പത്ത് രാജ്യസഭ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് മൂന്ന് സ്ഥാനാര്‍ത്ഥികളെ അധികം നിര്‍ത്തിയാണ്  പ്രതിപക്ഷ തന്ത്രങ്ങളെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നത്. 
 
 നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുളള അവസാന തീയതി മാര്‍ച്ച് 15 ആണ്.  ഇതിന് മുന്‍പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ അധിക സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതു വഴി സാധ്യമാകുമെന്ന് ബിജെപി ഉത്തര്‍പ്രദേശ് ഘടകം കണക്കുകൂട്ടുന്നു.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, സമാജ് വാദി പാര്‍ട്ടിയുടെ ജയാ ബച്ചന്‍ ഉള്‍പ്പെടെ 13 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുളളത്. ഇതില്‍ 11 പേരാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍. 

മൂന്ന് സ്ഥാനാര്‍ത്ഥികളെ അധികം മത്സരിപ്പിക്കാനുളള ബിജെപിയുടെ നീക്കം പ്രതിപക്ഷത്തിന് വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്.  
402 അംഗ ഉത്തര്‍പ്രദേശ് നിയമസഭയില്‍ 37 വോട്ടുകള്‍ നേടുന്ന സ്ഥാനാര്‍ത്ഥിക്ക് രാജ്യസഭയിലേക്ക് വിജയിക്കാനാകൂം. നിലവിലെ കക്ഷിനില അനുസരിച്ച് ബിജെപി നയിക്കുന്ന മുന്നണിക്ക് എട്ടുസ്ഥാനാര്‍ത്ഥികളെ എളുപ്പം വിജയിപ്പിക്കാനാകും. 324 എംഎല്‍എമാരാണ് ബിജെപി മുന്നണിക്കുളളത്. ബാക്കി വരുന്ന രണ്ടു സീറ്റുകളില്‍ ഒരെണ്ണം കൈപ്പിടിയിലൊതുക്കാനാണ് ബിജെപി അധിക സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. 

47 അംഗങ്ങളുളള സമാജ് വാദി പാര്‍ട്ടിക്ക് ഒരു സ്ഥാനാര്‍ത്ഥിയെ രാജ്യസഭയിലേക്ക് അയക്കാന്‍ കഴിയും. ബാക്കി വരുന്ന എസ്പിയുടെ പത്തുവോട്ടും  കോണ്‍ഗ്രസിന്റെ ഏഴും രാഷ്ട്രീയ ലോക്ദള്‍, നിഷാദ് പാര്‍ട്ടി എന്നിവരുടെ ഒരു വോട്ടുവീതവും പ്രയോജനപ്പെടുത്തി ബിഎസ്പിയുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനാണ് പ്രതിപക്ഷം യോജിപ്പിലെത്തിയിരിക്കുന്നത്. 19 വോട്ടുകളാണ് ബിഎസ്പിക്കുളളത്. 

അതേസമയം എട്ടുസ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച ശേഷവും 28 വോട്ടുകള്‍ അധികമായി ബിജെപിയുടെ പേരിലുണ്ട്. ബിഎസ്പിക്ക് കുറച്ച് വോട്ടുകള്‍ മാത്രമുളളപ്പോള്‍ അധിക വോട്ടുകളുളള തങ്ങള്‍ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി  മൂന്ന് സ്ഥാനാര്‍ത്ഥികളെ അധികമായി മത്സരരംഗത്ത് നിര്‍ത്തുന്നുവെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് മഹേന്ദ്ര നാഥ് പാണ്ഡ്യയുടെ വിശദീകരണം.

മൂന്ന് സ്വതന്ത്രരുടെ പിന്തുണകൂടിയുളള ബിജെപി പ്രതിപക്ഷ എംഎല്‍എമാരുടെ ക്രോസ് വോട്ടുകളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ്. മൂന്നു സ്വതന്ത്രരുടെ പിന്തുണ ലഭിച്ച സ്ഥിതിക്ക് ആറു വോട്ടുകള്‍ അധികമായി ലഭിച്ചാല്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ കൂടി രാജ്യസഭയിലേക്ക് അയക്കാന്‍ കഴിയുമെന്നതാണ് ബിജെപിയെ ഇത്തരത്തില്‍ അധികം സ്ഥാനാര്‍ത്ഥികളെ മത്സരരംഗത്ത് ഇറക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം.പ്രതിപക്ഷ എംഎല്‍എമാര്‍  തങ്ങള്‍ക്ക് അനുകൂലമായി വോട്ടു ചെയ്യുമെന്ന പ്രതീക്ഷയില്‍ തന്ത്രങ്ങള്‍ മെനയുകയാണ് ബിജെപി. അങ്ങനെയെങ്കില്‍ ഒന്‍പതുപേരെ രാജ്യസഭയിലേക്ക് അയക്കാന്‍ കഴിയുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com