ഡസ്റ്റര്‍ വേണ്ട, ഞങ്ങള്‍ക്ക് ക്രിസ്റ്റ മതിയെന്നേ...

ഡസ്റ്റര്‍ വേണ്ട, ഞങ്ങള്‍ക്ക് ക്രിസ്റ്റ മതിയെന്നേ...
ഡസ്റ്റര്‍ വേണ്ട, ഞങ്ങള്‍ക്ക് ക്രിസ്റ്റ മതിയെന്നേ...

കൊഹിമ: സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും മുമ്പേ ചെറിയൊരു ആവശ്യം മുന്നോട്ടുവച്ചിരിക്കുകയാണ് നാഗാലാന്‍ഡിലെ എംഎല്‍എമാര്‍. നിയമസഭാ സെക്രട്ടറി തങ്ങള്‍ക്കായി വാങ്ങുന്ന റെനോ ഡസ്റ്റര്‍ കാര്‍ വേണ്ടെന്നാണ് ഇവര്‍ പറയുന്നത്. പകരം ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റ മതിയെന്നാണ് ആവശ്യം. എളിമ കൊണ്ടാണ് ഇതു പറയുന്നതെന്നും ഡസ്റ്ററിനേക്കാള്‍ കുറഞ്ഞ കാറാണ് ഇന്നോവയെന്നും കരുതാന്‍ വരട്ടെ. ഡസ്റ്ററിനു വില 13 ലക്ഷമേയുള്ളൂ, ഇന്നവോ ക്രിസ്റ്റയ്ക്ക് 22 ലക്ഷവും. 

സഞ്ചരിക്കാന്‍ ഇന്നോവ ക്രിസ്റ്റ വാഹനംതന്നെ വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് നാഗാലാന്‍ഡ് അസംബ്ലി കമ്മിഷണര്‍ക്കും സെക്രട്ടറിക്കും എംഎല്‍എമാര്‍ നിവേദനം നല്‍കിയിരിക്കുന്നത്. 
പ്രതിപക്ഷ പാര്‍ട്ടിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിലെ 27 എംഎല്‍എമാരില്‍ 11 പേരാണ് തങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഇന്നോവ ക്രിസ്റ്റ വേണമെന്ന നിവേദനം നല്‍കിയിട്ടുള്ളത്. 

എംഎല്‍എമാര്‍ക്കായി റെനോ ഡസ്റ്റര്‍ വാഹനം നല്‍കാന്‍ അസംബ്ലി സെക്രട്ടേറിയേറ്റ് തീരുമാനിച്ചെന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് എംഎല്‍എമാര്‍ നിവേദനം നല്‍കിയത്. പരിപാലന ചെലവുകള്‍ മുന്‍നിര്‍ത്തിയാണ് ഡെസ്റ്റര്‍ വേണ്ടെന്ന് വച്ചതെന്ന് ഇവര്‍ പറയുന്നു. നാഗാലാന്റിലെ റോഡുകള്‍ക്ക് കൂടുതല്‍ അനുയോജ്യമായത് ഇന്നോവ ക്രിസ്റ്റ തന്നെയാണെന്നാണ് എംഎല്‍എമാരുടെ അഭിപ്രായം.

2003 മുതല്‍ ഭരണപക്ഷത്തായിരുന്ന നാഗാ പീപ്പിള്‍സ് ഫ്രണ്ട് ബിജെപി സഖ്യത്തില്‍നിന്ന് പുറത്തായതോടെയാണ് ഇക്കുറി പ്രതിപക്ഷത്തിരിക്കേണ്ടി വന്നത്. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി ചേര്‍ന്നാണ് ഇത്തവണ ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടതും സര്‍ക്കാര്‍ രൂപവത്കരിച്ചതും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com